ഇടുക്കി: ഗവ. നഴ്സിങ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് ഭീഷണിപ്പെടുത്തിയെന്ന വാർത്തയെ ചൊല്ലി വിവാദം. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരേണ്ട യോഗം സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽ ചേരുകയും യോഗത്തിൽ വിദ്യാർത്ഥികളോട് 'വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും പാർട്ടിക്കറിയാം."എന്നും വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ പി.ടി.എ അംഗത്തോട് ''എന്നെപ്പറ്റി ശരിക്കും അറിയാമോ?"എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായതെന്നാണ് ആരോപണം. സംഭവത്തിൽ വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. അതേസമയം വാർത്ത അടിസ്ഥാന രഹിതമാണെന്ന് സി.വി. വർഗീസ് വ്യക്തമാക്കി. പി.ടി.എ പ്രസിഡന്റും വിദ്യാർത്ഥികളുമാണ് ഓഫീസിൽ വന്ന് കാണാൻ സമയം ചോദിച്ചത്. അതിൻപ്രകാരം സമയം കൊടുത്തു, അവർ വന്നു കണ്ടു. വ്യാജപ്രചരണങ്ങൾക്കും സമരത്തിനും പിന്നിൽ കോളേജ് ഇവിടെ നിന്ന് മാറ്റാൻ ശ്രമിക്കുന്നവരാണ്. നഴ്സിംഗ് കോളേജിന് പുതിയ കെട്ടിടം പണിയുന്നതിന് 13 കോടി രൂപയും നാലര ഏക്കർ സ്ഥലവും സർക്കാരിൽ നിന്ന് അനുവദിപ്പിച്ചിട്ടുണ്ട്. കോളേജ് ഇവിടെ കൊണ്ടുവരാനും നിലനിറുത്താനുമാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ഇടുക്കി നഴ്സിങ് കോളജുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളം.സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു യോഗവും വിളിച്ചു ചേർത്തിട്ടില്ല."
-സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്
'ചുവന്ന കൊടി കുത്തി സ്ഥാപനങ്ങൾ പൂട്ടിച്ചു ശീലമുള്ള സി.വി. വർഗീസിന്റെ പിതൃസ്വത്തല്ല ഇടുക്കി ഗവ. നഴ്സിംഗ് കോളേജ്. ജനകീയ സമരങ്ങൾ സംഘടിപ്പിക്കും."
- കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ
'പാർട്ടി ഓഫീസിൽ മീറ്റിംഗ് വിളിക്കാൻ ജില്ലാ സെക്രട്ടറിയെ ആരാണ് ചുമതലപ്പെടുത്തിയത്? രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ ജില്ലാ സെക്രട്ടറി ക്കെതിരെ കേസെടുക്കണം."
-കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ