തൊടുപുഴ: തുലാവർഷം ശക്തമായതോടെ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതി തീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതി തീവ്ര മഴ കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാ്ര്രഫിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാദ്ധ്യതയുള്ള മലയോര മേഖലകളിലെ എല്ലാവിധ ട്രക്കിംഗും മറ്റെല്ലാത്തരം സാഹസിക വിനോദങ്ങളും നിരോധിച്ചു. റെഡ് അലർട്ട് പിൻവലിക്കുന്നതു വരെ നിരോധനങ്ങൾ തുടരും. കൂടാതെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒഴികെയുള്ള എല്ലാ വിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ഹൈറേഞ്ചിൽ മഴ കുറവായിരുന്നു.
മഴയുടെ അളവ്
(മില്ലി മീറ്ററിൽ)
തൊടുപുഴ- 19
പീരുമേട്- 3.00
ഇടുക്കി- 2.20
ഉടുമ്പൻചോല- 8.6
ദേവികുളം- 6.8
ശരാശരി- 7.92
അണക്കെട്ടിൽ ജലനിരപ്പുയരുന്നു
കുറച്ച് ദിവസങ്ങളായി വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ ഡാമുകളിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് രണ്ടടി ഉയർന്ന് 2384.48 അടിയായി. സംഭരണശേഷിയുടെ 79 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 13 ഷട്ടറുകളും തുറന്നിരിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ 138.50 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കൻഡിൽ 7086 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 6003 ഘനയടി ജലമാണ് ഷട്ടറുകളിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നത്. 1655 ഘനയടി ജലം ടണലിലൂടെ തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. വൈഗ ഡാം നിലവിൽ തുറന്നിരിക്കുകയാണ്.
മലങ്കര, ലോവർപെരിയാർ, കല്ലാർകുട്ടി, കല്ലാർ, ഇരട്ടയാർ, മാട്ടുപെട്ടി, കുണ്ടള, പൊന്മുടി എന്നീ ഡാമുകൾ നിലവിൽ തുറന്നിരിക്കുകയാണ്.