ഇടുക്കി: അതിതീവ്ര മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കണമെന്ന് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമാനതകൾ ഇല്ലാത്ത ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മേഘവിസ്‌ഫോടനത്തിന് തുല്യമായ മഴയാണ് ലഭിക്കുന്നത്. ഡാമിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തി നിൽക്കുകയാണ്. ജില്ലാ ഭരണകൂടം ഫലപ്രദമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ തമിഴ്നാട് അധികാരികളോട് ആവശ്യപ്പെടണം. ഡാമിന്റെ താഴ്ന്ന പ്രദേശത്ത് വഴിവിളക്ക് സ്ഥാപിക്കാനും മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താനും നടപടികൾ സ്വീകരിക്കണം. എൻ.ഡി.ആർ.എഫിന്റെയും ദുരന്ത നിവാരണ സമിതിയുടെയും പ്രവർത്തനം കളക്ടറേറ്റ് കേന്ദ്രീകരിച്ച് ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നവേദനം നൽകിയതായി സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ, പി.ആർ.ഒ ഷിബു. കെ. തമ്പി എന്നിവർ അറിയിച്ചു.