അടിമാലി: സേനാപതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അടക്കം ആറു കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയതായി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സേനാപതി ബാങ്കിന് കീഴിലെ ഏലം ഡ്രയറിൽ വെച്ച് ബോർഡ് മെമ്പറും ഡ്രയർ നടത്തിപ്പുകാരന്റെ ബന്ധുവുമായ ഇല്ലിമൂട്ടിൽ ബെന്നിയെ, ബാങ്ക് പ്രസിഡന്റ് ബിനോയിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് പുറത്താക്കൽ നടപടി. പരുക്കേറ്റ ബെന്നി നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മൊഴിയുടെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല പൊലീസ് കേസെടുത്തു. അരിവിളംചാലിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ കീഴിലുള്ള ഏലം ഡ്രയർ നടത്തിപ്പുമായുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ഒരു വർഷം ഒഴികെ മുമ്പുണ്ടായിരുന്ന നാല് വർഷം ബെന്നിയാണ് ഡ്രയർ എടുത്ത് പ്രവർത്തനം നടത്തിവന്നിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ബെന്നിയുടെ ബന്ധുവാണ് ഡ്രയർ നടത്തുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് വിശദീകരണത്തിനായി ബിനോയിയെ പല പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടും കോൾ എടുത്തില്ലെന്നാണ് മണ്ഡലം പ്രസിഡന്റ് ബെന്നി കുര്യൻ പറയുന്നത്. ഇത്തരം പ്രവർത്തികൾ പാർട്ടി അച്ചടക്കത്തിന് എതിരായതിനാൽ ആക്രമണത്തിന് നേതൃത്വം നൽകിയ ബിനോയി വേമ്പേനിയിൽ, നിജോ ബഥേൽ, സിബി കല്ലുപുരയ്ക്കൽ, കുഞ്ഞുമോൻ കാവിൽ, രൂപേഷ് വട്ടപ്പറമ്പിൽ, ബിജു കുന്നത്തോട്ട് എന്നീ പ്രവർത്തകരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മണ്ഡലം പ്രസിഡന്റ് ബെന്നി കുര്യൻ, ബ്ലോക്ക് സെക്രട്ടറി ജോസ് പുത്തുപ്പിള്ളി, മണ്ഡലം ഭാരവാഹികളായ നോബർട്ട് ജോസഫ്, സെബാസ്റ്റ്യൻ പത്രോസ്, കണ്ണൻ കുന്നേൽ, അജിത് മണി എന്നിവർ പറഞ്ഞു.