ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി.
കട്ടപ്പന: അണക്കരയിലെ റവന്യൂ ഭൂമിയിലുള്ള കുരുവിക്കാട്ടുപാറയിലെ പാറപ്പുറത്ത് ചാണകം ഉണക്കാനിട്ടതിന് ക്ഷീര കർഷകന് പിഴ ഈടാക്കിയ സംഭവത്തിൽ ചക്കുപള്ളം പഞ്ചായത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി. വർഷങ്ങളായി മേഖലയിലെ നിരവധി ക്ഷീരകർഷകർ പാറപ്പുറത്താണ് ചാണകം ഉണക്കുന്നത്. ഏതാനും നാളുകളായി ഫാമിലെ പച്ചച്ചാണകം പാറപ്പുറത്ത് കൂട്ടിയിട്ടിരുന്നു. മഴക്കാലത്ത് ചാണകം തോട്ടിലേക്ക് ഒലിച്ചെത്തി വെള്ളം മലിനമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തോട്ടിലെ വെള്ളം ദൈനംദിന ആവശ്യങ്ങൾക്ക് നിരവധി കുടുംബങ്ങൾ ഉപയോഗിച്ചുവരുന്നതാണ്. ദുർഗന്ധം അസഹ്യമായതോടെ സമീപത്തെ ആരാധനാലങ്ങളിലെത്തുന്നവരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ്, പാറയിൽ ചാണകം തള്ളരുതെന്ന് അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ചാണകം തള്ളിയതോടെ നാട്ടുകാരിൽ ചിലർ കലക്ടർക്കും എൻഫോഴ്സ്‌മെന്റിനും പരാതി നൽകി. എൻഫോഴ്സ്‌മെന്റ് പരിശോധന നടത്തിയാണ് ഫാം ഉടമ ഓലിക്കര ബിജുവിനെതിരെ 10,000 രൂപ പിഴ ചുമത്തിയത്. തുടർന്നാണ് പഞ്ചായത്തിൽനിന്ന് നോട്ടീസ് നൽകിയതനുസരിച്ച് പിഴയൊഴുക്കി ചാണകം നീക്കിയതും. ഇതേ പാറപ്പുറത്ത് ചാണകം തള്ളുന്ന മൂന്നുപേർക്കുകൂടി നോട്ടീസ് നൽകിയിരുന്നു. വണ്ടൻമേട് പഞ്ചായത്തിന്റെ പരിധിയിലുള്ള പാറപ്പുറത്ത് ചാണകം നൽകിയ മറ്റൊരാൾക്കും പിഴ ചുമത്തിയിരുന്നു. എന്നാൽ, വണ്ടൻമേട് പഞ്ചായത്ത് ക്ഷീരകർഷകർക്കെതിരാണെന്ന് വരുത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. ക്ഷീരകർഷകർക്ക് ചാണകം ഉണങ്ങി സംസ്‌കരിക്കാൻ ക്ഷീരസംഘവും ശുചിത്വ മിഷനും ചേർന്ന് പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും പ്രസിഡന്റ് ജോസ് പുതുമന, മുൻ പ്രസിഡന്റുമാരായ പി.കെ രാമചന്ദ്രൻ, വി.ജെ രാജപ്പൻ, പഞ്ചായത്തംഗം സൂസൻ മാത്യു എന്നിവർ പറഞ്ഞു.