മുട്ടം: ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം എം.എ ഷബീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: പി.ജി ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അപർണ യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ പ്രദീപ് യോഗത്തിൽ നന്ദി പറഞ്ഞു. സംസ്ഥാന സർക്കാർ നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ 2025 - 26 സാമ്പത്തിക വർഷത്തിൽ ഐ.എസ്.എം വകുപ്പിൽ -25, ഹോമിയോപ്പതി വകുപ്പിൽ -21 എന്നിങ്ങനെ 46 ഫിസിയോതെറാപ്പി യൂണിറ്റുകൾ ആയുഷ് വകുപ്പിലെ ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മുട്ടത്തുള്ള ജില്ലാ ആശുപത്രിയിലും ഫിസിയോതെറാപ്പി യൂണീറ്റ് അനുവദിച്ചത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 2 വരെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്. ട്രഡ്മിൽ, എസ്.ഡബ്ലിയുഡി മെഷീൻ, ടെൻസ് ഐ.എഫ്.ടി സ്റ്റിം കോംബോ മെഷീൻ, അൾട്രാ സൗണ്ട് തെറാപ്പി മെഷീൻ, ട്രാക്ഷൻ യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യൂണിറ്റിൽ ലഭ്യമാണ്.