
വീടൊരുക്കാൻ ധനസമാഹരണം തുടങ്ങി
തൊടുപുഴ: വീടില്ലാത്ത സഹപാഠിക്ക് കിടപ്പാടമൊരുക്കാൻ ജില്ലാ ശാസ്ത്രമേളയിലെ അതിഥേയരായ എ.പി.ജെ അബ്ദുൾകലാം സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. മേളയുടെ ആദ്യ ദിനമായ ഇന്നലെ രാവിലെ ഫുഡ് സ്റ്റാൾ ഇട്ടായിരുന്നു തുടക്കം. 100 ഓളം കുട്ടികളാണ് ശാസ്ത്രമേളയിൽ ഭക്ഷണശാലയിട്ട് സജീവമായത്. സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള ഉദ്യമമാണ് എൻ.എസ്.എസ് വിദ്യാർത്ഥികളുടേത്. തുടക്കം കച്ചവടം നടത്താമെന്ന പ്രോഗ്രാം ഓഫീസറായ ഡയസ് ജോൺ നിർദ്ദേശിച്ചപ്പോൾ ആശയത്തിന് പ്രിൻസിപ്പാൾ കെ.ജെ ജയമോളും പി.ടി.എയും പൂർണ പിന്തുണ നൽകി. കപ്പ, മുളക്, ഉപ്പിലിട്ട മാങ്ങ, പൈനാപ്പിൾ,നെല്ലിക്ക, കട്ലറ്റ്, സിപ് അപ്, കാപ്പി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. പണം നേരിട്ടും ഗൂഗിൾ പേ വഴിയും നൽകാം. ഹയർ സെക്കൻഡറി വിഭാഗത്തിന് മുമ്പിലെ വരാന്തയിലാണ് സ്റ്റാൾ ഒരുക്കിയത്. വിഭവങ്ങൾ തയ്യാറാക്കാൻ പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളെ സഹായിച്ചു. വിൽപ്പന പൂർണമായും യൂണിറ്റ് അംഗങ്ങളായിരുന്നു. രാവിലെ 9 മുതൽ മേള അവസാനിക്കുന്ന സമയംവരെ സ്റ്റാൾ പ്രവർത്തിക്കും. കടയിൽ നിന്നും സാധനം വാങ്ങി സഹപാഠികളും മറ്റ് ക്ലാസുകളിലെ സുഹൃത്തുക്കളും ഇവർക്ക് പിന്തുണയുമായുണ്ട്. സാദ്ധ്യമായ രീതിയിലെല്ലാം പണം സമാഹരിച്ച് ഈ അദ്ധ്യയന വർഷം തന്നെ പ്രഥമ ഉദ്യമം നടപ്പാക്കണമെന്ന നിശ്ചയ ദാർഢ്യത്തിലാണ് സ്‌കൂൾ ഒന്നടങ്കം.