തൊടുപുഴ: മലിനജലം ശുദ്ധീകരിച്ച് ഗാർഹികാവശ്യത്തിനുള്ള ബയോഗ്യാസ് യഥേഷ്ടം തയ്യാറാക്കാവുന്ന കാലം വിദൂരമല്ല. ബയോ വാട്ടർ പ്യൂരിഫൈയിംഗ് പ്ലാന്റിലൂടെ ഇതെല്ലാം നിഷ്പ്രയാസം സാധിക്കുന്ന സാങ്കേതിക വിദ്യ റെഡിയാണ്. വഴിത്തല സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ജോബൻ അനീഷും പത്താം ക്ലാസ് വിദ്യാർത്ഥി എലിസബത്ത് റിജോയുടേതുമാണ് ഈ നൂതന കണ്ടുപിടുത്തം. റോഡിലും മറ്റും പാഴായിപ്പോകുന്ന മലിന ജലം സ്ക്രീഫിഗ് യൂണിറ്റ് വഴി ശേഖരിച്ച് പ്ലാസ്റ്രിക് ,ഖര മാലിന്യങ്ങൾ എന്നിവ വേർതിരിച്ചെടുത്താണ് പ്രോസസിംഗ്. ഇവിടെ നിന്നും ഇത് സെഡിമെന്റെഷൻ ടാങ്ക് വഴി ആലം എന്ന കെമിക്കൽ ചേർത്ത് വീണ്ടും ശുദ്ധീകരിക്കും. ഇത് റേഡിയേറ്റർ - 1 എന്ന പ്രോസസിംഗ് യൂണിറ്റിൽ എത്തിച്ച് ഹണി റോബിക് സെക്ടർ ഉപയോഗിച്ചാണ് ഗ്യാസ് വേർതിരിക്കുന്നത്. പിന്നീട് ഇതിൽ നിന്നും ബയോഗ്യാസ് പ്രത്യകമായി ശേഖരിക്കും. മലിനജലം വീണ്ടും ഫിൽട്ടർ ചെയ്യുന്നതിന് റിയാക്ടർ - 2 എന്ന പ്രോസസിംഗ് യൂണിറ്റിലും എത്തിച്ച് പ്യൂരിഫൈ ചെയ്‌തെടുക്കും. ഈ ജലം കാർഷിക ആവശ്യങ്ങൾക്കും ടോയ്ലറ്റിലും ഗ്രൗണ്ട് വാട്ടർ റീചാർജിംഗിനുമൊക്കെ ഉപയോഗിക്കാം. ഉത്പാദിപ്പിക്കുന്ന ഗ്യാസ് -പാചകം, വൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. വെള്ളം ലഭ്യമാണെങ്കിൽ പ്ലാന്റ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിപ്പിക്കാവുന്നതാണെന്നും ഇവർ പറയുന്നു. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയാൽ ഒരു തുള്ളി വെള്ളം പാഴാക്കാതെ പ്രയോജനപ്പെടുത്താനാവുമെന്നാണ് ഇവരുടെ ഗ്യാരന്റി. കഴിഞ്ഞ വർഷം സബ് ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഇവർ ഇത്തവണ ജില്ലാ മേളയിൽ പ്രതിനിധ്യം ഉറപ്പിക്കുകയായിരുന്നു.