തൊടുപുഴ: ഊർജം കയറ്റുമതി ചെയ്ത് രാജ്യത്തിന് വരുമാനമുണ്ടാക്കാൻ കഴിയുന്ന കാലം വിദൂരമല്ല. കടൽ ജലം ഉപയോഗിച്ച് ഇത്തരത്തിൽ വരുമാനമുണ്ടാക്കാമെന്നാണ് എയ്ഞ്ചൽ ബൈജുവും അൽഫോൻസ ജെ പറയിടത്തിലും പറയുന്നത്. പാരമ്പര്യ സ്രോതസുകളിൽ നിന്നും വ്യത്യസ്തമായി ഓഷ്യാനിക് സസ്റ്റെയിനബിൾ പവർ പ്ലാന്റ് വഴി ഊർജം ഉത്പാദിപ്പിക്കുന്ന കണ്ടുപിടുത്തവുമായാണ് കരിമണ്ണൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ കൊച്ചുമിടുക്കികൾ എത്തിയത്. ഹൈസ്‌കൂൾ വിഭാഗം സ്റ്റിൽ മോഡലിലാണ് എയ്ഞ്ചലും, അൽഫോൻസയും പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ചത്. പാരമ്പര്യ സ്രോതസുകളിൽ നിന്നും ഊർജം ഉത്പാദിപ്പിക്കുന്ന രീതി കാര്യക്ഷമത കുറഞ്ഞതും പ്രകൃതി മലിനീകരണത്തിന് ഇടയാക്കുമെന്നും ഇവർ പറയുന്നു. അതിനാൽ കുറഞ്ഞ ചിലവിൽ ഊർജം പ്രകൃതി സൗഹാർദമായി ഉൽപാദിപ്പിക്കുന്ന മാർഗമാണ് ഇവർ മുമ്പോട്ടു വയ്ക്കുന്നത്. പ്ലാന്റ് കടൽത്തീരത്താണ് സ്ഥാപിക്കുക. ലീനിയർ പാരാബോളിക് ട്രഫ് സ്ഥാപിച്ച് പാരാബോളിക്കിന്റെ ആകൃതി മൂലം പതിക്കുന്ന സൂര്യപ്രകാശത്തെ ഒരു പോയിന്റിലേയ്ക്ക് ഫോക്കസ് ചെയ്താണ് കടൽജലം ഉപയോഗിച്ച് താപനില ക്രമീകരിച്ച് ഊർജം ഉത്പാദിപ്പിക്കുന്നത്. കടൽജലം പൈപ്പിലൂടെ ഒഴുക്കുമ്പോൾ രൂപപ്പെടുന്ന താപത്തെ ആഗീകരണം ചെയ്ത് മോൾട്ടേൺ സാൾട്ടാക്കി മാറ്റും. ഇത് ടാങ്കിൽ എത്തുകയും സാന്ദ്രത കൂടിയ മോൾട്ടേൺ സാൾട്ട് ടാങ്കിൽ അടിയുകയും അതിശക്തമായി ടാങ്കിലേയ്ക്ക് സ്റ്റീം കടത്തിവിട്ട് ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ തിരമാലകളെയും കാറ്റിനെയും വേണ്ട വിധം പ്രയോജനപ്പെടുത്തിയാൽ ഇരുപത്തിനാല് മണിക്കൂറും ഊർജം ഉത്പാദിപ്പിക്കാം. സ്വഭാവിക ഉറവിടം ഉപയോഗിക്കുന്നതിനാൽ ചെലവും കുറവാണെന്നും ഇവർ പറയുന്നു. കരിമണ്ണൂർ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.