
മുട്ടം: മുട്ടം കോടതി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക് കടന്നു. 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച സമരം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രണ്ടാം ദിവസവും നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിച്ചേരുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കോടതിയിലെത്തുന്ന പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി എൻ.സി.പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും അഭിഭാഷകരും ഇന്നലെ സമരപ്പന്തലിൽ എത്തി പിന്തുണ അറിയിച്ചു. 48 മണിക്കൂർ പൂർത്തിയാക്കി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ സമരം അവസാനിക്കും. ഇന്നത്തെ സമരം എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് ഗഫൂർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറി ആബീദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. നാഷണലിസ്റ്റ് കിസാൻ സഭ നേതാക്കൾ ഇന്നലത്തെ സമരത്തിന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അനിൽ പാറയിൽ നന്ദി പറഞ്ഞു.