
പീരുമേട്: ഏലപ്പാറ സർക്കാർ യുപി സ്‌കൂളിൽ പഠിക്കുന്നമൂന്ന് വിദ്യാർത്ഥികളുടെ വീട്ടിൽ വെളിച്ചമെത്തിച്ച് അദ്ധ്യാപകർ.
ഏലപ്പാറ യു.പി.സ്‌കൂളിലെ അഞ്ച്, മൂന്ന്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന മൂന്നു വിദ്യാർത്ഥികളുടെ കുടുംബത്തിനാണ് അദ്ധ്യാപകർവൈദ്യുതി എത്തിച്ച് നൽകിയത്. കുട്ടികളുടെ ജീവിത സാഹചര്യംനേരിട്ടു മനസ്സിലാക്കുക, കുട്ടിയെ നേരിട്ടറിയുക എന്നീ ലക്ഷ്യത്തോടെ ഏലപ്പാറ സർക്കാർ യു.പി. സ്‌കൂളിലെ അദ്ധ്യാപകർ എല്ലാവർഷവും നടത്തുന്ന ഭവന സന്ദർശനത്തിലൂടെയാണ് ഏലപ്പാറ കോഴിക്കാനം സ്വദേശികളായ എഡ്വിൻ, അയാന,അഹാന എന്നീ വിദ്യാർത്ഥികളുടെ വീട്ടിൽ വൈദ്യുതിയില്ല എന്നറിയുന്നത്.
വൈദ്യുതി വെളിച്ചം ഇല്ലാതെ കുട്ടികൾ പഠിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്ന ലക്ഷ്യത്തോടുകൂടി
സ്‌കൂൾ ഹെഡ് മാസ്റ്റർ എൽ.ശങ്കിലി യുടെ നേതൃത്വത്തിൽ വേണ്ട ഇടപെടലുകൾ നടത്തി. കെ.എസ്.ഇ.ബി.യിൽ പണമടച്ച് ഇലട്രീഷ്യൻ എം. കുമാറിന്റെ നേതൃത്വത്തിൽ വയറിങ് പൂർത്തിയാക്കി വളരെ വേഗം വൈദ്യുതി എത്തിക്കുകയായിരുന്നു.
കുട്ടികളുടെ ആവശ്യം കണ്ടറിഞ്ഞ് ഏലപ്പാറ സ്‌കൂൾ അധികൃതരോടൊപ്പംനിന്ന കെ.എസ്.ഇ.ബി. അധികൃതർക്ക് കുട്ടികളും രക്ഷകർത്താക്കളും നന്ദി അറിയിച്ചു.മെഴുകുതിരി വെട്ടത്തിൽ നിന്നും വൈദ്യുതി വെളിച്ചത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.