അയോഗ്യരായത് അടിമാലി, കരുണാപുരം പ്രസിഡന്റുമാർ
അടിമാലി/ നെടുങ്കണ്ടം: നീണ്ടനാളത്തെ നിയമയുദ്ധത്തിനൊടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ അടിമാലി, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി.
സി.പി.ഐ സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച ശേഷം യു.ഡി.എഫിനൊപ്പം ചേർന്ന് അടിമാലി പഞ്ചായത്ത് പ്രസിഡന്റായ സൗമ്യ അനിലിനെയാണ് കമ്മിഷൻ അയോഗ്യയാക്കിയവരിൽ ഒരാൾ. അടിമാലി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നാണ് സൗമ്യ ജയിച്ചത്. കൂറ്റുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയ ഇവർക്ക് ഇനി ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. 14-ാം വാർഡിൽ നിന്ന് സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ശേഷം കൂറുമാറി കോൺഗ്രസിലും തുടർന്ന് സി.പി.എമ്മിലും ചേക്കേറിയ സനിത സജിക്കെതിരെയും സി.പി.ഐ കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമപോരാട്ടം നടത്തുകയാണെന്നും ഉടൻ തന്നെ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാർട്ടി ജില്ലാ സെക്രട്ടറി കെ. സലിം കുമാർ പറഞ്ഞു.
കരുണാപുരം പഞ്ചായത്തിൽ യു.ഡി.എഫിൽ നിന്ന് കൂറ് മാറി എൽ.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ ശോഭനാമ്മ ഗോപിനാഥനെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. കൂറു മാറി ഇവർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുകയും യു.ഡി.എഫ് ഭരണ സമിതിയെ അട്ടിമറിക്കുകയുമായിരുന്നു. തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെയാണ് പ്രസിഡന്റായത്. എന്നാൽ കഴിഞ്ഞ ദിവസം ശോഭനാമ്മ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും യു.ഡി.എഫ് അംഗവുമായ മിനി പ്രിൻസ് നൽകിയ പരാതിയിലാണ് വിധിയുണ്ടായത്. ശോഭനാമ്മ ഗോപിനാഥന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കരുണാപുരത്ത് നടത്തിയത് വൻ അഴിമതിയാണെന്ന് കെ.പി.സി.സി വക്താവ് സേനാപതി വേണു, പഞ്ചായത്തംഗങ്ങളായ മിനി പ്രിൻസ്, ജയ്‌മോൻ നെടുവേലി, നടരാജ പിള്ള, ആൻസി തോമസ്, ശ്യാമള മധുസൂദനൻ, നേതാക്കളായ കെ.കെ. കുഞ്ഞുമോൻ, ഷൈജൻ ജോർജ്ജ് എന്നിവർ പറഞ്ഞു.