തൊടുപുഴ: റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകൾക്ക് തൊടുപുഴയിൽ തുടക്കമായി. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലായാണ് മത്സരങ്ങൾ. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഗവ. എച്ച്.എസ്.എസിലും ഗണിത ശാസ്ത്രമേള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലും സാമൂഹ്യ ശാസ്ത്രമേള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും ഐ.ടി മേള മുതലക്കോടം സെന്റ് ജോർജ് ഹൈസ്‌കൂളിലുമാണ് നടക്കുന്നത്. പ്രവൃത്തി പരിചയമേള ഇന്നാണ് നടക്കുന്നത്. റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ പ്രതിഭകളുടെ നിറ സാന്നിധ്യമായിരുന്നു. സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ മേള എന്നിവിടങ്ങളിൽ ഇക്കാര്യം വ്യക്തമായിരുന്നു. മാർക്കിടാൻ ജഡ്ജസ് എത്തിയപ്പോൾ എല്ലാവരും കൃത്യമായി തന്നെ തങ്ങളുടെ നിർമ്മിതിയെക്കുറിച്ച് വിവരിച്ചു. വിവിധ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വളരെ ചിട്ടയോടെയാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്. സംഘാടക സമിതി, ഫുഡ് കമ്മിറ്റി, സ്വാഗത സംഘം, ട്രോഫി കമ്മിറ്റി, വെൽഫെയർ, ലോ ആൻഡ് ഓർഡർ, പബ്ലിസിറ്റി, സ്റ്റേജ്, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റികളും സജീവമായിരുന്നു.വിവിധ ഉപജില്ലകളിൽനിന്നായി 1500ഓളം മത്സരാർഥിത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഡോ. എ പി ജെ അബ്ദുൾ കലാം ഗവ. എച്ച്.എസ്.എ.സിൽ ഡീൻ കുര്യാക്കോസ് എം.പി മേള ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ അദ്ധ്യക്ഷത വഹിച്ചു .ആർ .ഡി.ഡി വി .ജി പി.എൻ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഗീത പി സി സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ റ്റോജി തോമസ് നന്ദിയും പറഞ്ഞു. മേള ഇന്ന് സമാപിക്കും.