kpn

* കട്ടപ്പന ടൗൺ ഹാൾ നവീകരണത്തിന്റെ മറവിൽ നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായി എൽഡിഎഫ്.

നഗര സഭയുടെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ .

കട്ടപ്പന: ടൗൺ ഹാൾ നവീകരണത്തിന്റെ മറവിൽ നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായി എൽ.ഡി.എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റി ആരോപിച്ചു. 35 വർഷം പഴക്കമുള്ള കെട്ടിടമാണ് ഒരുകോടിയോളം രൂപ മുടക്കി നവീകരിച്ചത്. 1 കോടി രൂപ മുടക്കിയാൽ പുതിയ കെട്ടിടം പാർക്കിങ് സൗകര്യത്തോടെ നിർമിക്കാമെന്നിരിക്കെയാണ് ബലക്ഷയം സംഭവിച്ച കെട്ടിടം മോടിപിടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ഇപ്പോഴത്തെ നവീകരണംകൊണ്ട് നഗരസഭയ്‌ക്കോ ജനങ്ങൾക്കോ പ്രയോജനമില്ല.
നഗരസഭ ഭരണസമിതിക്ക് യാതൊരുവിധ ആസൂത്രണവുമില്ലെന്നതിന്റെ തെളിവാണിത്. ഹൈറേഞ്ചിലെ പട്ടണമായി വളർന്ന കട്ടപ്പനയ്ക്ക് പാർക്കിങ് സൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ടൗൺ ഹാളാണ് ആവശ്യം. നിലവിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ അടിനിലയിൽ പാർക്കിങും മുകളിൽ ടൗൺ ഹാളുമായി പുതിയ കെട്ടിടം നിർമിക്കാൻ കഴിയും. എന്നാൽ ഇടിഞ്ഞുവീഴാറായ കെട്ടിടം കോടികൾ മുടക്കി നവീകരിച്ചതിനുപിന്നിൽ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ബലക്ഷയമുളള കെട്ടിടത്തിന് ഇത്രയും പണം മുടക്കാൻ പദ്ധതി തയാറാക്കിയ നഗരസഭ ഭരണസമിതിക്കെതിരെ വിജിലൻസിൽ ഉൾപ്പെടെ പരാതി നൽകുമെന്നും നേതാക്കളായ വി ആർ സജി, അഡ്വ. മനോജ് എം തോമസ്, സി എസ് അജേഷ്, എം സി ബിജു, ലൂയിസ് വേഴമ്പത്തോട്ടം, കെ എൻ കുമാരൻ, ബിജു വാഴപ്പനാടി എന്നിവർ പറഞ്ഞു.

നഗരസഭ നടത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തീകരണത്തിലേക്ക് എത്തുന്ന സന്ദർഭത്തിൽ അതിനെതിരെ ഏതെങ്കിലും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തടസ്സം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിന്റെ നയം ജനങ്ങൾ തിരിച്ചറിയുകയാണ എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. ടൗൺഹാൾ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ നഗരസഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ പോലും സഹകരിച്ച് നിന്നിരുന്ന ഇടതുപക്ഷം ടൗൺഹാൾ നവീകരണം പൂർത്തിയായപ്പോൾ ഇത് ഭരണസമിതിയുടെ നേട്ടമായി മാറുമെന്ന് കരുതി അതിന്റെ ശോഭക്കെടുത്താനാണ് ശ്രമിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി പുളിയൻ മലയിൽ സ്ഥലം വാങ്ങാൻ ശ്രമിക്കുമ്പോഴും അതിനെതിരെ പ്രവർത്തിച്ചവരാണ് ഇടതുപക്ഷം. താലൂക്ക് ആശുപത്രിയുടെ വികസനത്തിനും, ബൈപ്പാസ് റോഡിലെ തണലിടം പദ്ധതിക്കെതിരെയും വിയോജനവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കരുത് എന്ന ചിന്തിയോടുകൂടി വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
പുതിയ ബസ്റ്റാൻഡ് റോഡ് നവീകരണത്തിലും, പാർക്കിംഗ് സംബന്ധമായ വിഷയത്തിലും നഗരസഭ എടുക്കുന്ന തീരുമാനങ്ങൾ പോലീസിനേ സ്വാധീനിച്ച് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. പൊതു മാർക്കറ്റിന്റെ നവീകരണത്തിലും ഇതേ പ്രവർത്തനമാണ് നടത്തിയത്എന്നും ജോയ് വെട്ടി കുഴി പറഞ്ഞു..ഇന്ന് രാവിലെ 10 ന് കട്ടപ്പന ടൗൺഹാളിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.