തൊടുപുഴ: കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കണോ..... സൗരോർജ്ജ ബസുകൾ നിരത്തിലിറക്കിയാൽ മാത്രം മതിയെന്നാണ് കാളിയാർ സെന്റെ് മേരീസ് എച്ച്.എസ്.എസിലെ ടി.ആർ.ശ്രീനാഥും ആഷിഖ് റോബിനും പറയുന്നത്. ജില്ലാ സ്‌കൂൾ സാമൂഹ്യ ശാസ്ത്രമേളയിൽ അതിന് അഞ്ഞൂറ് രൂപയിൽ താഴെ രൂപ മുടക്കി സൗരോർജ്ജത്തിൽ സഞ്ചരിക്കുന്ന ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ മാതൃകയും ഇവരുണ്ടാക്കി. നഷ്ടക്കണക്കുകളാൽ വലയുന്ന കെ.എസ്.ആർ.ടി.സിക്ക് സൗരോർജ്ജ ബസുകൾ നിരത്തിലിറക്കിയാൽ ഏറെ പ്രവർത്തന ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.പുനരുജ്ജീവിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്, പ്രകൃതി സൗഹൃദം, ഇന്ധന ചെലവ് കുറവ്, 25 വർഷത്തെ ആയുസ്സ് എന്നിവയാണ് ഇത്തരം ബസുകളുടെ സവിശേഷതകൾ.സൗരോർജ്ജത്തിലൂടെ ബസുകളുടെ ബാറ്ററികൾ ചാർജ് ചെയ്താണ് ഉപയോഗിക്കുക. ആദ്യമായാണ് ഇവർ മേളയിലെത്തുന്നത്. തങ്ങളുടെ ആശയം കെ.എസ്.ആർ.ടി.സിഅധികൃതകർക്ക് മുന്നിൽ വിശദീകരിച്ച് നൽകാനും ഇവർ തയ്യാറാണ്.