തൊടുപുഴ: ഇലക്ട്രാണിക്സ് വിദ്യാർത്ഥി മത്സരിച്ചത് ചൂരൽക്കസേര നിർമ്മാണത്തിൽ. പരിശീലനം നൽകിയതാകട്ടെ ഛത്തീസ്ഗഡ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയായ ഗുരുനാഥനും. പ്രവൃത്തിപരിചയ മേളയിൽ ബേസിൽ അനു എന്ന അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് വ്യത്യസ്തമായ രീതിയിൽ മത്സരിച്ചത്. പഠനത്തിനൊപ്പം പ്രൊഫഷണലായി തന്റെ ഇഷ്ടമേഖല പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പഠനം തുടങ്ങിയപ്പോൾ വിവരമറിഞ്ഞ അദ്ധ്യാപകർ ശാസ്ത്രമേളയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ജില്ലാതലംവരെയെത്തി. ആദ്യ മത്സരം ചിട്ടയായി ചെയ്യണമെന്ന ആഗ്രഹം മൂലം നന്നായി പരിശീലനവും നടത്തി. വീട്ടിലും ഇത്തരം ചില പണികളൊക്കെ ചെയ്യാറുള്ളതും ഈ മേഖലയോടുള്ള താത്പര്യംമൂലമാണ്. പഠനം നടത്തുന്നത് അടിമാലിയിലുള്ള പിതാവിന്റെ സുഹൃത്തിന്റെ കടയിൽ അവധി ദിവസങ്ങളിൽ നേരിട്ടെത്തിയാണ്. ഗുരുനാഥനായ അലിക്ക് മലയാളം വശമില്ലാത്തത് ആദ്യമൊക്കെ കുഴപ്പിച്ചെങ്കിലും പിന്നീടെല്ലാം സ്വയം കണ്ട് മനസിലാക്കി പഠിച്ചെടുക്കുകയായിരുന്നു. രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണെങ്കിലും കമ്പം തോന്നിയതാകട്ടെ പഠിച്ച മേഖലയുമായി ബന്ധമില്ലാത്ത ചൂരൽക്കസേര നിർമ്മാണത്തിലും.