sanju-saji
സഞ്ജു സജി മുളയുത്പന്ന നിർമ്മാണത്തിനിടയിൽ

തൊടുപുഴ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു സജി ഇത്തവണ മുളയുത്പന്ന നിർമ്മാണവുമായി പ്രവൃത്തിപരിചയ മേളയിൽ വീണ്ടും എത്തിയത്. ആദ്യമായി മത്സരിച്ച 2023ൽ ഒന്നാം സ്ഥാനം നേടിയ ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്നു. വൈവിദ്ധ്യമാർന്ന മുള ഉത്പന്നങ്ങളാണ് സഞ്ജു തന്റെ കരവിരുതിൽ ഉണ്ടാക്കിയത്. ഒരാൾപ്പൊക്കമുള്ള മുള ഏണി, ജഗ്ഗ്, മഗ്ഗ്, ഫ്ളവർ വേസ്, പ്ലേറ്റ് സ്റ്റാൻഡ്, ചെടിച്ചട്ടി, നാഴി തുടങ്ങിയവയെല്ലാം അനുവദിച്ച മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഒരുക്കി. ആരുടെയും ശിഷ്യത്വമില്ലാതെ സ്വയമായിരുന്നു പരിശീലനം. സംശയമുള്ള ചിലതിന്റെ നിർമ്മാണ രീതികൾ യൂട്യൂബ് നോക്കിയാണ് പഠിച്ചെടുത്തത്. കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്. ഇവിടെ തന്നെ പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന തലത്തിൽ എ ഗ്രേഡും. പിന്നീട് പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയപ്പോൾ തിരഞ്ഞെടുത്ത സബ്ജക്ട് ഒരുപാട് പഠിക്കാനുള്ളതായി തോന്നിയതിനാൽ കഴിഞ്ഞ വർഷം മത്സരത്തിൽ പങ്കെടുത്തില്ല. കരിമണ്ണൂർ സ്വദേശിയായ സജി - സ്‌നേഹ ദമ്പതികളുടെ മകനാണ്.