kolumban
അനഘാമോൾ

തൊടുപുഴ: റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിൽ പൂക്കൾ കൊണ്ട് വർണ വിസ്മയം തീർത്ത് ഇടുക്കി ജലപദ്ധതിയുടെ വഴികാട്ടി കൊലുമ്പൻ കാണിയുടെ പിൻതലമുറക്കാരി. വെള്ളിയാമറ്റം പഞ്ചായത്തിലെ തുമ്പച്ചി ഉന്നതിയിലെ അനഘാ മോൾ പ്രദീപാണ് ഹൈസ്‌കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റ് മത്സരത്തിൽ പങ്കെടുത്തത്. പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കി അടുത്ത മാസം മുരിക്കാശേരിയിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിലും മാറ്റുരയ്ക്കുന്നുണ്ട്. തനത് കലയായ നാടൻ പാട്ട് മത്സരത്തിലാണ് വേദിയിലെത്തുന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ പ്രദീപിന്റെയും വെള്ളിയാമറ്റം പഞ്ചായത്തിലെ തുമ്പച്ചി മേഖല ഹരിതകർമ സേനാംഗവുമായ സൗമ്യയുടെയും മകളാണ്.