തൊടുപുഴ: ദേശീയപാത 85 ൽനിർത്തിവയ്ക്കപ്പെട്ട പ്രവർത്തനങ്ങൾ തുടരാൻ പര്യാപ്തമായ ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം. പി പറഞ്ഞു. വേണ്ടത്ര രേഖകൾ ഹാജരാക്കാൻ സർക്കാർ പരാജപ്പെട്ടെങ്കിലും,പൊതു താൽപ്പര്യാർത്ഥം റോഡ് വികസനം തുടരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയാണുണ്ടായത്.
കോടതി നിരീക്ഷണങ്ങൾ.
1. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കി മി ഹൈ വേ വികസനം നടക്കുന്ന റോഡിൻ്റെ അളവുകൾ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ദേശീയ പാത അതോറിറ്റി ചീഫ് സെക്രട്ടറിക്ക് നൽകണം.
2. വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പ് വരുത്തി ചീഫ് സെക്രട്ടറി ന്യായമായ സമയത്തിനുള്ളിൽ ഉത്തരവിറക്കണം. അതിൻ്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാം.
3. വനഭൂമിയുടെയും, അതിൻ്റെ വിസ്തൃതിയേയും സംബന്ധിച്ച് സർക്കാർ കോടതിയിൽ സമർപ്പിച്ച പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ സംസ്ഥാനം സമർപ്പിച്ച രീതിയെക്കുറിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചു.
4. സംസ്ഥാനം ഈ പ്രദേശം വനഭൂമിയിൽ ഉൾപ്പെട്ട് വരുന്നില്ല എന്ന് സത്യവാഗ്മൂലത്തിൽ പറഞ്ഞെങ്കിലും അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
5. സംസ്ഥാനത്തിൻ്റെ വ്യക്തതയില്ലാത്ത നിലപാടുകളും,രേഖകൾ നല്കാതിരുന്നതും കാരണം ഇത് സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ ഡിവിഷൻ ബെഞ്ചിന് കഴിയാതെവന്നു.
6. വനഭൂമി സംബന്ധിച്ച പ്രശ്നവും, റോഡ് വീതി സംബന്ധിച്ച പൊതു ആവശ്യവും കണക്കിലെടുത്ത് അന്തിമ തീരുമാനം നിലനിൽക്കുന്ന റിട്ട് പെറ്റീഷനിൽ തീരുമാനിക്കും.
7. ഇപ്പോൾ ദേശീയ പാത അതോറിറ്റി നൽകിയിരിക്കുന്ന പുന: പരിശോധന ഹർജി (റിവ്യൂ പെറ്റീഷൻ) തീർപ്പാക്കുന്നു.