അടിമാലി: താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഒ പിബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് ആരോഗ്യ മന്ത്രി വീണാജോർജ്ജ് നിർവ്വഹിക്കും.കാത്ത് ലാബ്, സി.സി.യു യൂണിറ്റിനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് ഒ. പിബ്ലോക്കിനുവേണ്ടി കൺസൾട്ടിംങ്ങ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. കിഫ്ബി ഫണ്ടിൽ നിന്നുള്ള 10കോടിയിലേറെ രൂപ മുടക്കിയാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.കല്ലാർ, കാന്തല്ലൂർ പി എച്ച് സികൾക്കായി പണികഴിപ്പിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവുംഇന്ന് നടക്കുമെന്ന് അഡ്വ. എ .രാജ എം എൽ എ പറഞ്ഞു.6 മാസം മുൻപ് ബഹുനില കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം നീളുകയായിരുന്നു.നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് ആശുപത്രിയിലെ ഒ.പി വിഭാഗം പ്രവർത്തിച്ച് വരുന്നത്.പുതിയ സ്ഥല സൗകര്യമൊരുങ്ങുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.പുതിയ കെട്ടിടത്തിന്റെ അടിനിലയിൽ കാത്ത് ലാബ് സിസിയു യൂണിറ്റ്, എക്സ്റേ വിഭാഗം എന്നിവക്കുള്ള സൗകര്യമാണുള്ളത്. ഇതിൽ എക്സറേ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്നാം നിലയിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, രണ്ടാം നിലയിൽ പീഡിയാട്രിക്സ്, ഒഫ്ത്താൽമോളജി, ഡെന്റൽ, ഇഎൻടി, ജനറൽ ഒ.പി, ഫീവർ ക്ലിനിക് എന്നിവക്കുള്ള മുറികളാണ് സജ്ജമാക്കിയിട്ടുള്ളത് .