road

കട്ടപ്പന: മാർക്കറ്റ് കുന്തളംപാറ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാരും പ്രദേശവാസികളും ചേർന്ന് റോഡിൽ പ്ലാവിൻ തൈകൾ നട്ട് പ്രതിഷേധിച്ചു. നിരവധി തവണ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി കാൽനട യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൂടാതെ മഴ പെയ്താൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്. ഞായറാഴ്ചകളിൽ 100ലേറെ അതിഥി തൊഴിലാളികൾ തമ്പടിക്കുന്ന സ്ഥലമാണ് ഇവിടം. വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകളിലെ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ദേഹത്ത് ചെളി തെറിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇവർ പറഞ്ഞു.