ഇടുക്കി: ലോകടൂറിസത്തിന്റെ ആകർഷണകേന്ദ്രമാക്കി കേരളത്തെ പൂർണമായും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് 'വിഷൻ 2031 ലോകം കൊതിക്കും കേരളം' ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ടൂറിസം മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സെമിനാർഇന്ന് രാവിലെ 10 ന് കുട്ടിക്കാനം മരിയൻ കോളജിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിക്കും.

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ.ജോസഫ്, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ടൂറിസം വഡയറക്ടർ ശിഖാ സരേന്ദ്രൻ, ടൂറിസം സെക്രട്ടറി കെ.ബിജു, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ചെയർമാൻ എസ്.കെ. സജീഷ് എന്നിവർ പങ്കെടുക്കും.

ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, പുതുമയാർന്ന സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യും.