udumbanoor1

ഉടുമ്പന്നൂർ: സർവ്വതല സ്പർശിയായ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കി വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നിരവധിയായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച പഞ്ചായത്താണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമവണ്ടിയും ഉടുമ്പന്നൂരിന്റെ ബ്രാൻഡായ ഉടുമ്പന്നൂർ ഹണിയും അങ്ങനെ നൂതനമായ പദ്ധതികൾ നടപ്പാക്കി മുന്നോട്ട് പോകുകയാണ് പഞ്ചായത്തെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 5 വർഷം നടപ്പാക്കിയ വികസന നേട്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ചടങ്ങിൽ നിർവഹിച്ചു. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന മികച്ച സംരംഭകരായ അംബുജം ഭാസ്‌കരൻ, ഷിജാ ജയൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.

സംസ്ഥാനസർക്കാരിന്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോയും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 5 വർഷം നടത്തിയ വികസന നേട്ടങ്ങളുടെ വിഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

പൊതുജനങ്ങൾക്ക് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു. കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായം, തൊഴിലില്ലായ്മ പരിഹരിക്കൽ, മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ, പട്ടികവർഗ വിഭാഗങ്ങൾക്ക് കാര്യക്ഷമമായ രീതിയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, ഉടുമ്പന്നൂർ പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടാനുളള പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.

കെസ്മാർട്ടിന്റെ ഹെൽപ്പ് ഡെസ്‌ക്, വിജ്ഞാനകേരളം ജോബ് ഫെയർ സെന്ററും സജ്ജമാക്കിയിരുന്നു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബീന രവീന്ദ്രൻ,ശാന്തമ്മ ജോയി,സുലൈഷ സലിം,പഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.നായർ, കെ.ആർ. ഗോപി,രമ്യ പി. നായർ, ജമാൽ പി.എസ്,ജിൻസി സാജൻ, ബിന്ദു രവീന്ദ്രൻ, ടി.വി. രാജീവ്,ശ്രീമോൾ ഷിജു, സിഡിഎസ് ചെയർപേഴ്സൺ ഷിബാ ഭാസ്‌കരൻ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ റ്റി എം സുബൈർ,ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ,ആശാ വർക്കർമാർ,രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.