senapathi2

സേനാപതി : ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ സംഘടിപ്പിച്ച വികസനസദസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തിലോത്തോമ സോമൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി അജയകുമാർ അവതരിപ്പിച്ചു.

ലൈഫ് ഭവന പദ്ധതിയിലൂടെ 79 വീടുകൾ നിർമ്മിക്കാനും എല്ലാ വീടുകളിലും ശുചിമുറി പൂർത്തിയാക്കി സമ്പൂർണ സാനിറ്റേഷൻ എന്ന നേട്ടം സ്വന്തമാക്കാനും പഞ്ചായത്തിന് കഴിഞ്ഞു. മാങ്ങാത്തൊട്ടിയിൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ഒരകോടി 39 ലക്ഷം മുടക്കി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. പുതുതായി 1880 പേർക്ക് ക്ഷേമ പെൻഷനുകൾ നൽകാനും പട്ടികജാതി പട്ടികവർഗ നഗർ വികസനം നടപ്പിലാക്കാനും 20 അംഗങ്ങൾ അടങ്ങുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനം നൂറ് ശതമാനം മികച്ച രീതിയിൽ നടത്താനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെയുടെ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെയും വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് സർക്കാരിന്റെയും സേനാപതി പഞ്ചായത്തിന്റെയും ഭാവി വികസന പ്രവർത്തനങ്ങളെപ്പറ്റി പൊതുജനങ്ങൾ പങ്കെടുത്ത ചർച്ചയും നടന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആന്റോ തോമസ്, ജോണി പന്തീരായിക്കണ്ടം, സേനാപതി പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.