
ഇടുക്കി: സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകൾക്ക് സ്റ്റാർട്ടപ്പ് മാതൃകയിൽ ധനസഹായം നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച 'ലോകം കൊതിക്കും കേരളം' വിഷൻ 2031 സംസ്ഥാനതല ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഡ്ജറ്റിൽ അനുവദിച്ചതിനേക്കാൾ 20 ശതമാനം കൂടുതൽ ഫണ്ട് അനുവദിച്ചത് ടൂറിസം വകുപ്പിനാണ്. തീർത്ഥാടക ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സംസ്ഥാനസർക്കാർ നൽകുന്നത്. ഓരോ സീസണിലും ശബരിമല റോഡുകൾക്കായി മാത്രം 250 കോടി രൂപയാണ് അനുവദിച്ചത്. ക്രൂസ് ടൂറിസം, പ്രമുഖ ഡെസ്റ്റിനേഷനുകളിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവയും കേരളത്തിന്റെ ഭാവി സാദ്ധ്യതകളാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിഷൻ 2031 നയരേഖ അവതരിപ്പിച്ചു. ടൂറിസം രംഗത്തെ കഴിഞ്ഞ 9 വർഷത്തെ വികസനനേട്ടങ്ങൾ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു. ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.