ലോകം കൊതിക്കും കേരളം വിഷൻ 2031 സംസ്ഥാനതല ടൂറിസം ശില്പശാലയ്ക്ക് തുടക്കം. കുട്ടിക്കാനം മരിയൻ കോളേജിൽ ധന മന്ത്രി കെ. എൻ. ബാലഗോപാൽ ശില്പശാല ഉദ്ഘാടനം ചെയ്തു.
ഉത്തരവാദിത്ത ടൂറിസം സാദ്ധ്യതകൾ പങ്കുവച്ച് ടൂറിസം സെമിനാർ
കുട്ടിക്കാനം: ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാദ്ധ്യകളാണ് കേരളത്തിനുള്ളതെന്ന് കുട്ടിക്കാനം മരിയൻ കോളേജിൽ നടന്ന ലോകം കൊതിക്കും കേരളം വിഷൻ 2031 സെമിനാറിൽ വിലയിരുത്തൽ.വിദേശ വിനോദ സഞ്ചാരികൾ മാത്രമല്ല അഭ്യന്തര സഞ്ചാരികളുടെ കാര്യത്തിലും ഇടുക്കിയിലുണ്ടായ വൻ കുതിപ്പ് ഏറെ പ്രതീക്ഷകൾ നൽകുന്നതായി സെമിനാറുകളിലെ വിവിധ സെക്ഷനുകളിലും ചർച്ചയായി. . ലോകത്തെവിടെയും ലഭിക്കുന്ന ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭിക്കും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വായുവിന്റ ഗുണനിലവാരവും കേരളത്തിൽ മികച്ചതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്.ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസത്തിന്റെ സാധ്യതകൾ, മണ്ണ്, ജലം ഇവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ശരിയായ മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉത്തരവാദിത്ത സുസ്ഥിര വിനോദ സഞ്ചാരത്തിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്ത് വിഷൻ 2031 ടൂറിസം സെമിനാർ. ഉത്തരവാദ ടൂറിസം, ഇൻക്ലൂസീവ് ടൂറിസം, എക്സ്പീരിയൻഷ്യൽ ടൂറിസം, റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകൾ എന്ന പാനൽ ചർച്ചയിലാണ് ഈ വിഷയങ്ങൾ വിശകലനം ചെയ്തത്.
കേരളത്തനിമ വിളിച്ചോതുന്ന റിസോർട്ട്, ഹോട്ടൽ നിർമ്മാണങ്ങളും അവയുടെ പ്രവർത്തന രീതികളുമാണ് വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുകയെന്ന് സെമിനാർ വിലയിരുത്തി. സ്ത്രീകൾ, ഭിശേഷിക്കാർ, വയോജനങ്ങൾ, കുട്ടികൾ തുടങ്ങി ഓരോ വിഭാഗങ്ങളെയും മുന്നിൽ കണ്ട് അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ടൂർ ഓപ്പറേറ്റർമാർക്ക് കഴിയണമെന്നും സെമിനാർ വിലയിരുത്തി.
ഒരു പ്രാദേശിക ഉത്തരവാദിത്ത
ടൂറിസം പ്രദേശമെങ്കിലും സജ്ജമാക്കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടൂറിസം ഗ്രാമസഭകൾ നടത്തി പ്രാദേശിക വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകണമെന്നും പാനൽ ചർച്ചയിൽ ആവശ്യം ഉയർന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ ഒരു പ്രാദേശിക ഉത്തരവാദിത്ത ടൂറിസം പ്രദേശമെങ്കിലും സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകണമെന്നും പാനൽ ചർച്ചയിൽ ആവശ്യമുയർന്നു.
നോയിഡ ഐഐടിടിഎം പ്രൊഫസർ അതിഥി ചൗധരി, സി.ജി.എച്ച് എർത്ത് വൈസ് പ്രസിഡന്റ് എൻ.ഷൈലേന്ദ്രൻ, യു.എൻ വിമൻ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പീജ രാജൻ എന്നിവർ ക്ലാസ് നയിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ കെ.രൂപേഷ് കുമാർ മോഡറേറ്റർ ആയിരുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ എ. രാജ എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകന്നേൽ, വൈസ് പ്രസിഡന്റ് ഉഷാ കുമാരി, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ,കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം സി.വി. വർഗീസ്, ടൂറിസം അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു
'മൂന്നാർ, വയനാട് പോലുള്ള പ്രദേശങ്ങളിൽ ഫ്‌ളൈ ഓവർ , മികച്ച റോഡുകൾ പോലുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്"
ധനമന്ത്രികെ. എൻ. ബാലഗോപാൽ
'കൊവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണ്. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. ആഭ്യന്തര വിദേശ സഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. "
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്
'2031 ലെ ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ടൂറിസം സെമിനാർ ഇടുക്കി ജില്ലയിലെ ടൂറിസം സാദ്ധ്യതകൾക്ക് കുതിപ്പേകും"
മന്ത്രി റോഷി അഗസ്റ്റ്യൻ