നെടുങ്കണ്ടം: ആസിഡ് കൊലപാതകത്തിന്റെ ഞെട്ടൽമാറാതെ കരുണാപുരം. കുഴിത്തൊളു ഈറ്റപ്പുറത്ത് സുകുമാരൻ (63) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. കൊല നടത്തിയതെന്ന് സംശയിക്കുന്ന പിതൃ സഹോദരി ആദ്യം നാട്ടുകാരോട് പറഞ്ഞത് തന്നെ ആക്രമിക്കുവാൻ സുകുമാരൻ ശ്രമിച്ചു എന്നാണ്. എന്നാൽ പിന്നീടാണ് കാര്യങ്ങൾ നാട്ടുകാർക്കും വ്യക്തമായത്. നിലവിൽ കൈകൾക്ക് പൊള്ളലേറ്റ പിതൃ സഹോദരി ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം സംഭവം നടന്ന് 15 മിനിറ്റിനു ശേഷമാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇരുവരുടെയും ഒച്ചത്തിനുള്ള നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ സുകുമാരനെയും പിതൃ സഹോദരിയെയും നാട്ടുകാർ കണ്ടെത്തി. ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ആദ്യം പിതൃ സഹോദരിയായ തങ്കമ്മയുടെ ശരീരത്തിൽ സുകുമാരൻ ആസിഡ് ഒഴിച്ചന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീടാണ് സംഭവത്തിന്റെ സത്യാവസ്ഥ നാട്ടുകാർക്ക് ബോധ്യപ്പെടുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന തങ്കമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് കടക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.