കട്ടപ്പന :കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം 28മുതൽ 31വരെ കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് എംഎം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് സ്‌കൂളിൽ നിന്നാരംഭിക്കുന്ന വിളംബര ജാഥ കട്ടപ്പന ഡിവൈ.എസ്പി വി.എ നിഷാദ് മോൻ ഫ്ളാഗ് ഓഫ് ചെയ്യും. 300 ഇനങ്ങളിലായി 4000ത്തിലേറെ വിദ്യാർഥികൾ മത്സരിക്കും. സംസ്ഥാന അധ്യാപക കലോത്സവത്തിൽ വിജയികളായ അദ്ധ്യാപകർ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ സീനിയർ സി.പി.ഒ ജിൻസ് വർഗീസ്, ഉപജില്ലാ കലോത്സവ ലോഗോ ഡിസൈനിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഫിയോണ ആൻ സജി, കലോത്സവ റീൽ ചിത്രീകരണ മത്സരവിജയി എന്നിവരെ അനുമോദിക്കും. സെന്റ് ജോർജ് സ്‌കൂൾ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലെ 14 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ രാരിച്ചൻ നിറണാക്കുന്നേൽ മുഖ്യപ്രഭാഷണവും കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപറമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. സെന്റ് ജോർജ് സ്‌കൂൾ മാനേജർ റവ. ഫാ. ജോസ് മംഗലത്തിൽ സന്ദേശം നൽകും. കലോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങൾ 28ന് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് നടത്തും. സമാപന സമ്മേളനം 31ന് ഉച്ചകഴിഞ്ഞ് 3ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ അദ്ധ്യക്ഷനാകും. ഇടുക്കി അഡീഷണൽ എസ്.പി. ഇമ്മാനുവൽ പോൾ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ ബീന ടോമി സമ്മാന വിതരണം നിർവഹിക്കുമെന്നും കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി, കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, സോണിയ ജയ്ബി, ജനറൽ കൺവീനർ മാണി കെ സി, ജോയിന്റ് കൺവീനർ ബിജുമോൻ ജോസഫ്, ദിപു ജേക്കബ്, സ്‌കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. അനൂപ്, ഫാ. മജു നിരവത്ത, പ്രോഗ്രാം കമ്മറ്റി കൺവീനർ ജിതിൻ ജോർജ്,എന്നിവർ പറഞ്ഞു.