നഴ്സിങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും

11 കെ വി ലൈൻ സ്ഥാപിക്കുന്നതിന് അടിയന്തിരമായി ടെൻഡർ നടപടികൾ സ്വീകരിക്കും

ചെറുതോണി : ഇടുക്കി ഗവ.മെഡിക്കൽ കോളേജിലേക്കുള്ള ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിന് റീ ടെൻഡർ നടത്തുന്നതിനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 11 കെ വി ലൈൻ സ്ഥാപിക്കുന്നതിന് അടിയന്തിരമായി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം . ആരോഗ്യ മന്ത്രി വീണ ജോർജ്,മന്ത്രി റോഷി അഗസ്റ്റിൻ,എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വകുപ്പ് സർക്കാർ നോമിനിമാരായ സി വി വർഗീസ് ,ഷിജോ തടത്തിൽ,ഡി.എം.ഇ ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,കിറ്റ്‌കോ പ്രതിനിധികൾ എന്നിവർ ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് തീരുമാനം.ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിന് 18.36 കോടി രൂപയും വൈദ്യുതികരണത്തിനായി 11.40 കോടി രൂപയുമാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്.വൈദ്യുതി എത്തിക്കുന്ന പ്രവർത്തികൾ വൈകുന്നത് ആശുപത്രിയിലെ വിവിധ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിനും ലിഫ്റ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും തടസ്സം നിന്നിരുന്നു.ഏതാനും വർഷങ്ങൾക്ക് മുൻപ് വൈദ്യുതീകരണ ജോലികൾക്കായി ടെൻഡർ നൽകിയിരുന്നു എങ്കിലും കരാറുകാരൻ പാതിവഴിയിൽ പ്രവർത്തനം നിർത്തിയത് തുടർ പ്രവർത്തനങ്ങളെ ഏറെ ബാധിച്ചിരുന്നു.ഈ സാഹചര്യത്തിൽ നിലവിൽ ചെയ്ത പ്രവർത്തികൾക്ക് മാത്രം കരാറുകാരന് പണം നൽകുന്നതിനും ശേഷിക്കുന്ന പ്രവർത്തികൾ പുതിയ പ്രവർത്തിയായി നല്കുന്നതിനുമാണ് സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളത് .എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കായി നിർമ്മിച്ചിട്ടുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ പൂർത്തികരണം വിലയിരുത്തി .

=മൂന്നുമാസത്തിനകം ഹൗസർജൻസിനായി നൽകുന്ന ഇന്റേൺസ് ഹോസ്റ്റൽ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കി കൈമാറണം എന്ന് നിർവഹണ ഏജൻസിയായ കിറ്റ്‌കോയ്ക്ക് ആരോഗ്യ മന്ത്രി നിർദേശം നൽകി.

=കാത്ത് ലാബ് തുടങ്ങുന്നതിനു ആവശ്യമായ തുക ഇടുക്കി പാക്കേജിൽ നിന്നും അനുവദിച്ച് ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

=നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നത് യോഗം വിലയിരുത്തി.ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും അടുത്ത ദിവസം തന്നെ സ്ഥലം സന്ദർശിച്ച് നടപടികൾ പൂർത്തീകരിക്കുന്നതിന് യോഗം ചുമതലപ്പെടുത്തി.