chinchurani

കട്ടപ്പന: കാലിവളർത്തുന്നതിനായി മുമ്പോട്ടുവരുന്ന ചെറുകിട ക്ഷീര കർഷകർക്ക് കേരളാ ബാങ്ക് വഴി ലോൺ സൗകര്യമൊരുക്കുമെന്ന് ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ജില്ലാതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.. പലിശ പൂർണമായും ക്ഷീരവികസന വകുപ്പ് അടയ്ക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചു വരികയാണ് . കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും ഒരുലക്ഷം കീടാരികളെ വളർത്തി നൽകുന്നതിനായുള്ള പദ്ധതിയിലേക്കും വകുപ്പ് നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. മിൽമയുടെ വിവിധ ഡയറി ഉത്പ്പന്നങ്ങൾ, വിവിധ കറവയന്ത്രങ്ങൾ, പാലിന്റെ ഗുണനിലവാരം അളക്കുന്ന മെഷീനുകൾ, കാലിത്തിറ്റകൾ, വളർത്തുമൃഗങ്ങൾക്കായുള്ള വിവിധ സപ്ലിമെന്റുകൾ, ചാണകം ഉണക്കുന്ന മെഷീനുകൾ, മൃഗങ്ങൾക്കായി ഇൻഷുറൻസ് തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്‌പോയിൽ ഒരുക്കിയിരുന്നു. എം. എം മണി എംഎൽഎ അദ്ധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബോർഡംഗം പോൾ മാത്യു, ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ, അസിസ്റ്റന്റ് ഡയറക്ടർ ജിസാ ജോസഫ്, കട്ടപ്പന ഡയറിഫാം ഇൻസ്ട്രക്ടർ കെ എൻ മിനിമോൾ, ഇആർസിഎംപിയു ബോർഡംഗം അജേഷ് മോഹനൻ, സ്വാഗതസംഘം ചെയർമാൻ ജയൻ കെ .കെ എന്നിവർ സംസാരിച്ചു.