അടിമാലി: കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ ഒരു ജീവൻ പൊലിയാനിടയാക്കിയ മണ്ണിടിച്ചിലിന് പ്രധാന കാരണം കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണവുമാണെന്ന ആക്ഷേപം ശക്തമാകുന്നു. ദേശീയപാതയുടെ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗം വീതികൂട്ടുന്ന പ്രവൃത്തിയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണത്തിനായി മണ്ണെടുത്തതിനെ തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിങ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ചെത്തിയെടുത്തത് മലയ്ക്ക് വലിയ തോതിൽ ഇളക്കം തട്ടാൻ കാരണമായി. ഇതാണ് മഴ പെയ്യാതിരുന്നിട്ടും മണ്ണിടിച്ചിലുണ്ടായത്. മലയുടെ മുകളിൽ രൂപപ്പെട്ട വിള്ളലുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ വലിയ യന്ത്രങ്ങൾ കയറ്റി ഇടിച്ചതാണ് ദുരന്തത്തിന് പൂർണമായ കാരണമെന്നാണ് ആരോപണം. ഒരാൾക്ക് ഇറങ്ങാവുന്നത്ര വിള്ളൽ അവിടെ മുമ്പുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

ദേശീയപാത അതോറിട്ടി വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വലിയ മലയുടെ അടിവാരങ്ങളിൽ കരിങ്കല്ല് ഉപയോഗിച്ച് സുരക്ഷാ മതിൽ നിർമ്മിക്കുന്നതിനു പകരം, അഞ്ചടി പൊക്കത്തിൽ കോൺക്രീറ്റ് പാളി നിർമ്മിക്കുകയും അത് മതിലിൽ ചാരിവെച്ച് കോൺക്രീറ്റ് ഉപയോഗിച്ച് യോജിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടന്നത്. ഇതിലെ അപകടസാദ്ധ്യത പ്രദേശവാസികൾ മുമ്പും ചൂണ്ടിക്കാട്ടിയിരുന്നു. അപകടം നടന്ന സമയത്ത് മഴയുണ്ടായിരുന്നില്ലെന്നത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി. മഴയുണ്ടായിരുന്നെങ്കിൽ മണ്ണിടിച്ചിലിന്റെ വ്യാപ്തി വലുതാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ താഴെയുള്ള 22 വീടുകൾ പൂർണമായും ഒലിച്ചുപോവുകയും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുമായിരുന്നു. അപകടത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ജോലികളാണ് നടക്കുന്നതെന്ന മറുപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.

പ്രത്യേക ടീം

രൂപീകരിച്ചു

മണ്ണിടിച്ചിൽ ദുരന്ത സാദ്ധ്യതയുള്ള എൻ.എച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, ദേശീയപാത അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് നിർദേശം നൽകി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാദ്ധ്യതയുള്ള എൻ.എച്ച് 85ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ ദേശിയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർക്ക് നിർദേശം നൽകി. റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.