
തൊടുപുഴ: വാട്ടർ അതോറിട്ടിയെ തകർക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര സദസ് നടത്തി. പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ ലഭിച്ച 1248 കോടി രൂപ വക മാറ്റിയത് വാട്ടർ അതോറിട്ടിക്ക് തിരികെ നൽകുക, കെ.എസ്.ഇ.ബിയ്ക്ക് പ്രതിമാസം 10 കോടി രൂപ കൈമാറാനുള്ള എസ്‌ക്രോ അക്കൗണ്ട് കരാർ റദ്ദാക്കുക, ജൽജീവൻ മിഷൻ പദ്ധതിക്കായി വാട്ടർ അതോറിട്ടിയെ കടക്കെണിയിലാക്കി 8862.95 കോടി രൂപ നബാർഡിൽ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, നോൺ പ്ലാൻ ഗ്രാന്റ് കുടിശ്ശിക സഹിതം കൃത്യമായി അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ എല്ലാ അനോമലികളും പരിഹരിച്ച് കുടിശ്ശിക ഉടൻ അനുവദിക്കുക, ജി.പി.എഫ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ചിരിക്കുന്ന വാട്ടർ അതോറിട്ടി സംരക്ഷണ സദസിന്റെയും ഒപ്പു ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് തൊടുപുഴ വാട്ടർ അതോറ്റിട്ടി ഡിവിഷൻ ഓഫീസിൽ സംരക്ഷണ സദസ് നടത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിട്ടിയെ തകർക്കുന്ന സർക്കാർ നിലപാടുകൾ തിരുത്തണമെന്നും ജലവിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം. ആസാദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വിനോദ് എരവിൽ, സംഘടനാ നേതാക്കളായ ടി.എസ്. ഷൈജു, കുര്യാക്കോസ് ജോസഫ്, സി.എ. മുഹമ്മദ് നൈസാം, സി.പി. ബിനു, പി.എ. മുജീബ്, സെബി എം. ജോർജ് എന്നിവർ സംസാരിച്ചു.