നെടുങ്കണ്ടം:എല്ലാവരെയും ചേർത്ത് പിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി ഒ.പി.ഡി കോംപ്ലക്സ് ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. അതിർത്തി പ്രദേശമായ ഉടുമ്പഞ്ചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള തീരുമാനം സർക്കാരിന്റെ നയമാണ് കാണിക്കുന്നത്. തൊട്ടടുത്തെ അയൽസംസ്ഥാനത്തെ ആളുകൾക്കും ചികിത്സ തേടാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയത്. നാടിന്റെ വികസനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ്. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ ആരോഗ്യസംരക്ഷണത്തിനായി ഇവിടെ ചികിത്സ തേടണമെന്നാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. പ്രകൃതി രമണീയമായ സ്ഥലത്താണ് ആയുർവേദ കോളേജ് സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തിൽ ഒ.പി സേവനങ്ങളാണ് ആരംഭിക്കുന്നത്. തുടർന്ന് ഐ.പി സേവനങ്ങൾ ലഭ്യമാക്കും. ഉടുമ്പഞ്ചോലയ്ക്കുള്ള സർക്കാരിന്റെ സമ്മാനമാണ് മെഡിക്കൽ കോളേജെന്നും മന്ത്രി പറഞ്ഞു.
സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജാണ് ഉടുമ്പഞ്ചോലയിലേത്. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആശുപത്രി ഒ.പി.ഡി. കോംപ്ലക്സ് നിർമ്മിക്കുന്നത്. ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടു നൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ 'പ്രസുതിതന്ത്ര സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓർത്തോപീഡിക്സ്, കായ ചികിത്സ ജനറൽ മെഡിസിൻ' എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ എല്ലാ സ്‌പെഷ്യാലിറ്റികളും ഉണ്ടാകും.
മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന സ്ഥലവും ഒ.പി വിഭാഗം താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കെട്ടിടം മന്ത്രിയും സംഘവും സന്ദർശിച്ചു.
എം. എം മണി എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ മോഹനൻ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജികുമാർ, നെടുങ്കണ്ടം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, മുൻ എം.എൽ.എ കെ.കെ.ജയചന്ദ്രൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.റ്റി.ഡി ശ്രീകുമാർ,എന്നിവർ സംസാരിച്ചു.