അടിമാലി: മണ്ണിടിച്ചിലിൽ വീട് തക‌ർന്ന് ഉള്ളിൽ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതും അതീവ ദുഷ്‌കരവുമായിരുന്നു. ശനി രാത്രി 10.30 മുതൽ ഇന്നലെ പുല‌ർച്ചെ അഞ്ച് വരെ നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു ദുരന്ത ഭൂമിയിൽ നടന്നത്. തുടക്കത്തിൽ നാട്ടുകാരും അടിമാലി ഫയർ ഫോഴ്സും ചേർന്നാണ് ശ്രമം ആരംഭിച്ചത്. ഇരുവരും വലിയ കോൺക്രീറ്റ് ബീമുകൾക്കിടയിലും ചുമരിന്റെ ഭാഗങ്ങൾക്കിടയിലുമായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. കൂടാതെ കട്ടിലിന്റെയും അലമാരിയുടെയും ഇടയിൽ ഞെരുങ്ങിയ നിലയിലുമായിരുന്നു ദമ്പതിമാർ. രക്ഷാപ്രവർത്തനച്ചിന്റെ ആദ്യഘട്ടത്തിൽ സന്ധ്യയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ലഭിച്ചിരുന്നെങ്കിലും ബിജുവിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. വലിയ കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ സന്ധ്യയുടെ കാൽ കുടുങ്ങിയ നിലയിലായിരുന്നു. അരയുടെ മുകൾ ഭാഗം സ്വതന്ത്രമായിരുന്നതിനാൽ വേദന കടിച്ചമർത്തി കിടന്ന സന്ധ്യയ്ക്ക് രക്ഷപ്രവർത്തകരും അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും പ്രഥമ ശുശ്രൂഷ നൽകുന്നുണ്ടായിരുന്നു. എന്നാൽ പൂർണ്ണമായി തകർന്ന വീടിനുള്ളിൽ കടന്നുള്ള രക്ഷാ പ്രവർത്തനം രക്ഷാ പ്രവർത്തകരുടെ ജീവനും വെല്ലുവിളി ഉയർത്തുന്നതായിരുന്നു. എന്നാൽ ജീവൻ പോലും അപായത്തിലാവുമെന്നറിഞ്ഞിട്ടും സന്ധ്യയുടെ ദേഹത്ത് പതിച്ച കോൺക്രീറ്റ് സ്ലാബുകൾ കട്ടറുപയോഗിച്ച് പൊട്ടിച്ച് നീക്കി. ഇതിനിടെ എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം ആധുനിക ഉപകരണങ്ങളുമായെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായെി. തുടർന്ന് നാല് മണിക്കൂർ നേരത്തെ ജീവൻ മരണ പോരാട്ടത്തിലൂടെയാണ് സന്ധ്യയുടെ ജീവൻ രക്ഷിച്ച് പുറത്തെത്തിച്ചത്. എന്നാൽ സന്ധ്യയുടെ സമീപത്ത് ഉണ്ടായിരുന്ന ബിജുവിന്റെ ദേഹത്താണ് കൂറ്റൻ കോൺക്രീറ്റ് പാളി പതിച്ചിരുന്നത്. അതുകൊണ്ട് രക്ഷാപ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ ബിജു മരിച്ചിരുന്നു. സന്ധ്യയെ പുറത്തെത്തിച്ചത് പുലർച്ച 3.48 നാണ്. ഇതിനും ഒരു മണിക്കൂ‌ർ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോൺക്രീറ്റ് പാളികൾ തകർത്താണ് ബിജുവിന്റെ മൃതശരീരം പുറത്തെടുത്തത്. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി മന്ത്രി റോഷി അഗസ്റ്റ്യൻ, ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. എ. രാജ എം.എൽ.എ എന്നിവർ അവസാനസമയം വരെയും സംഭവസ്ഥലത്തുണ്ടായിരുന്നു.