അടിമാലി: കൂമ്പൻപാറയ്ക്കടുത്ത് എട്ടു മുറി ഉന്നതിയിൽ വെള്ളിയാഴ്ചയും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പിറ്റേന്ന് പ്രദേശവാസികൾ ഉന്നതിയുടെ മുകളിലെത്തി നോക്കിയപ്പോൾ മലയിൽ വിള്ളലുണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ശനിയാഴ്ച തന്നെ റോഡിന് താഴെയുള്ള 26 കുടുംബങ്ങളെ അടിമാലി ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. കൂട്ടത്തിൽ ബിജും സന്ധ്യയും തറവാട്ടുവീട്ടിലേക്കാണ് മാറിയത്. ഇവരുടെയടക്കം ഒമ്പത് വീടുകളാണ് മണ്ണിടിച്ചിലിൽ തകർന്നത്. കുടുംബങ്ങളെ ശനിയാഴ്ച മാറ്റി പാർപ്പിച്ചില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നു. കളപ്പുരക്കൽ ഖദീജ, അരീക്കൽ ജലജ, പാത്തുമ്മ, വടക്കേക്കര ഖദീജ, നൗഷാദ് വേട്ടോപ്പിള്ളിൽ, പടയാട്ടിൽ ഉണ്ണി, നെടുമ്പിള്ളിക്കുടി ബിജു, കളമ്പാട്ടുകുടിയിൽ ശാന്ത, ജലജ മുരളീധരൻ എന്നിവരുടെ വീടുകളാണ് തകർന്നത്.