അടിമാലി: ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനം. ദേശീയപാത നിർമ്മാണത്തെ തുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഗൃഹനാഥൻ മരിച്ച സാഹചര്യ ത്തിലാണ് അടിയന്തര യോഗം ചേർന്നത്. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്‌കൂളിലെ താത്കാലിക ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായി മന്ത്രി പറഞ്ഞു. ദുരന്തത്തിൽ എട്ടോളം വീടുകൾ പൂർണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. മണ്ണ് ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റാനുള്ള നടപടികളും സ്വീകരിച്ചു. നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നാഷണൽ ഹൈവേ അതോറിട്ടിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. യോഗത്തിൽ ഡീൻ കുര്യക്കോസ് എം.പി, എ. രാജ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ് എന്നിവർ സംസാരിച്ചു.