
ഇടുക്കി: കീരിത്തോട് പകുതിപ്പാലത്ത് ദേശീയപാതയ്ക്കു താഴെ വലിയ പാറ വീടിന് മുകളിൽ പതിച്ചു പൂർണ്ണമായി തകർന്ന വീട് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. 25ന് വൈകന്നേരം 4.30 നാണ് അപകടം നടന്നത്. കവടിയാർകന്നേൽ സരോജിനി മാണിയുടെ ഭവനത്തിലേക്കാണ് പാറ വീണത്. വീട്ടിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾ പൂർണ്ണമായി നശിച്ചു. സ്ഥലം സന്ദർശിച്ച മന്ത്രി കുടുബാംഗങ്ങളെ കാണുകയും അതിവേഗം നടപടി ഉണ്ടാകുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പു നൽകുകയും ചെയ്തു.ഒരാഴ്ചയായി പെയ്ത മഴയിൽ ഇളകിയിരുന്ന മണ്ണിനോടൊപ്പം ഭീകരമായ രണ്ട് പാറകളാണ് വീടിനു മുകളിൽ പതിച്ചത്. ഇനിയും ഉരുണ്ടു വീഴാവുന്ന തരത്തിൽ വലിയ പാറക്കല്ലുകൾ ഈ ഭാഗത്തുള്ളതിനാൽ മഴ കനത്താൽ ബാക്കിയുള്ള കല്ലും മണ്ണും ഇടിഞ്ഞ് റോഡ് അപകടത്തിലാകുമെന്ന് പ്രദേശവാസികൾ മന്ത്രിയോട് പറഞ്ഞു. സമയബന്ധിതമായി ഇതിന് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.