ഇടുക്കി: അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ അപകട കാരണങ്ങളെകുറിച്ച് വിദഗ്ദ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ദേശീയപാത അതോറിട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസ ധനം നൽകുന്നത് കളക്ടർ പരിശോധിക്കണം. അപകടത്തിൽ പരിക്കേറ്റയാൾക്ക് ധനസഹായം നൽകാനുള്ള സാദ്ധ്യതയും പരിശോധിക്കണം. വിദഗ്ദ്ധ സംഘം സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മിഷനിൽ സമർപ്പിക്കണം. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടും ഇതിനൊപ്പം ഹാജരാക്കണം. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ എന്നീ ഉദ്യോഗസ്ഥർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.