ചെറുതോണി: ചെറുതോണി ടൗണിൽ ലോഡുമായി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. ടൗണിന്റെ മദ്ധ്യത്തിൽ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി എതിരെവരികയാരിരുന്ന ഓട്ടോയിൽ ആദ്യം ഇടിക്കുകയായിരുന്നു. ഇടിച്ച ഓട്ടോ നൂറ് മീറ്ററോളം മുന്നോട്ട് വലിച്ചുകൊണ്ടുപോയി. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. ആദ്യത്തെ ഓട്ടോയിൽ ഇടിച്ചശേഷം മുന്നോട്ടുപോയ ലോറി എതിരെ വന്ന മറ്റൊരു ഓട്ടോയിലും തുടർന്ന് സ്‌കൂട്ടറിലും ഇടിച്ചു. ഹോൺ മുഴക്കി പൊട്ടിയ ചില്ലുമായി വരുന്ന ലോറികണ്ട് റോഡിലുണ്ടായിരുന്ന ആളുകളും വാഹനങ്ങളും മാറ്റിയതിനാലാണ് കൂടുതൽ വാഹനങ്ങളിൽ ലോറി ഇടിക്കാതെയിരുന്നത്. ലോറി ഡ്രൈവർ റോഡിന്റെ വലതുവശത്ത് കണ്ട പാറക്കെട്ടുകളിലേക്ക് ഇടിച്ചുകയറ്റിയാണ് വാഹനം നിർത്തിച്ചത്. പാറക്കെട്ടിൽ ഇടിക്കാതെ വാഹനം മുന്നോട്ടുനീങ്ങിയിരുന്നെങ്കിൽ കൂട്ടംകൂടി നിന്നിരുന്ന ആളുകൾക്ക് ഇടിയിലേക്കോ വ്യാപാര സ്ഥാപനങ്ങളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ ഇടിക്കുമായിരുന്നു. ഡ്രൈവറുടെസമയോചിതമായ ഇടപെടലും അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽനിന്നും റോഡിൽ പരന്ന ഡീസലും ഓയിലും ഫയർ ഫോഴ്സ് എത്തിനീക്കം ചെയ്തു. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന പൊലീസ് തുടർനടപടി സ്വീകരിച്ചു.