അടിമാലി: കഴിഞ്ഞ ദിവസം ഒരാളുടെ ജീവനെടുത്ത മണ്ണിടിച്ചിലുണ്ടായ കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിൽ ലക്ഷംവീട് ഉന്നതിയിൽ വീണ്ടും റോഡും സംരക്ഷണ ഭിത്തിയും വിണ്ടുകീറി. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ മേഖലയിൽ കനത്ത മഴയായിരുന്നു. ഇനിയും മഴ തുടർന്നാൽ വീണ്ടും മല ഇടിയാനുള്ള സാദ്ധ്യത കൂടുതലാണ്. ബലക്ഷയം സംഭവിച്ചിട്ടുള്ള റോഡിലേക്ക് ഇനിയും കൂടുതൽ മണ്ണ് ഇടിഞ്ഞിറങ്ങിയാൽ റോഡ് തകർന്ന് പോകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അപകട ഭീഷണി തുടരുന്ന സാഹചര്യത്തിൽ ലക്ഷംവീട് ഉന്നതിയിലെ മുഴുവൻ കുടുംബങ്ങളോടും വീടൊഴിയാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സംരക്ഷണഭിത്തി തകർന്നാൽ ഉന്നതിയുടെ സ്ഥിതി അപകടത്തിലാകും. ഗ്യാപ്പ് റോഡിന് സമാനമായ സ്ഥിതിയാണ് ഇവിടെയുമുള്ളത്‌.

എൻ.എച്ച് 85ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കയാണ്. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് കളക്ടർ അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ മണ്ണിടിച്ചിലിൽ കൈകഴുകുന്ന സമീപനമാണ് ദേശീയപാത അതോറിട്ടിയിൽ നിന്നുണ്ടായത്.
അപകടമുണ്ടായ സ്ഥലത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് ഒരു നിർമ്മാണവും നടന്നിട്ടില്ലെന്നും അപകടത്തിൽ മരിച്ച ബിജുവും ഭാര്യ സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിനായി വീട്ടിൽ എത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നുമാണ് എൻ.എച്ച്.എ.ഐ അറിയിച്ചത്. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നതായും ദേശീയപാത അതോറിട്ടി ന്യായീകരിച്ചു.