ഇടുക്കി: അതിദാരിദ്ര്യം അനുഭവിച്ചിരുന്ന കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും പ്രത്യേകമായി മൈക്രോപ്ലാൻ തയ്യാറാക്കി നടത്തിയ പ്രവർത്തനത്തിലൂടെയാണ് കേരളം അതിദാരിദ്യമുക്ത സംസ്ഥാനമെന്ന പദവി കരസ്ഥമാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ജില്ലാ വികസന സദസും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസന സദസും വികസന സദസുകളുടെ സംസ്ഥാനതല സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷണം, ആരോഗ്യം ചികിത്സ, പാലിയേറ്റിവ് കെയർ, ഭിന്നശേഷിവിഭാഗം, വരുമാനം, ഉപജീവനം, വീട്, സ്ഥലം ഇല്ലാത്തവർ, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങി ഓരോ കുടുംബത്തിനും ഓരോ മൈക്രോപ്ലാനുകൾ തയ്യാറാക്കിയാണ് സംസ്ഥാനം ഈ പുരോഗതി കൈവരിച്ചത്. ഇതിൽ ഏറ്റവും വലിയ വെല്ലുവിളി വീടില്ലാത്തവർക്ക് വീടൊരുക്കുക എന്നതായിരുന്നു. വീടില്ലാത്തവരെ പരിഗണിക്കാനായി
ഒറ്റ ഉത്തരവിലൂടെ എല്ലാവരെയും ലൈഫ് പട്ടികയിൽ ഉൾപ്പെടുത്തി. ലൈഫ് പട്ടികയിൽ അവർക്ക് മുൻഗണന നൽകി. സ്ഥലമില്ലാത്തവർക്ക് സ്ഥലം നൽകുകയായിരുന്നു അടുത്ത വെല്ലുവിളി. അതിനായി സർക്കാർ മനസോടിത്തിരി മണ്ണ് പദ്ധതി ആവിഷ്‌ക്കരിച്ചു.
കെട്ടിട നിർമാണ ചട്ടങ്ങളിൽ വലിയ മാറ്റം വരുന്ന വിജ്ഞാപനം രണ്ടു ദിവസത്തിനകം വരുമെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നമടക്കം എത്രയോ കാലമായുണ്ടായിരുന്ന ഊരാക്കുടുക്കുകൾ ഓരോന്നായി ഈ സർക്കാർ അഴിക്കുകയാണ്. ഈ മാറ്റങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. അതിന് വികസന സദസുകൾ സഹായകരമാകും. സദസുകളിൽ ഉയർന്ന ആശയങ്ങൾ നാടിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാകും.വികസനസദസിലൂടെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുപാട് നിർദ്ദേശങ്ങളും ആശയങ്ങളുമാണ് പൊതുജനങ്ങൾ മുന്നോട്ട് വെച്ചതെന്നും മന്ത്രി കുട്ടിച്ചേർത്തു.
ഇടുക്കിയെ അതിദാരിദ്ര്യമുക്ത ജില്ലയായി ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. ജില്ലയിലെ അതിദാരിദ്ര്യരായ 2392 പേർക്കും ഭൗതികസാഹചര്യം ഒരുക്കിയതിന് ശേഷമാണ് പ്രഖ്യാപനം.ചെറുതോണി പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോളും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സ്‌കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് ഭേദിച്ച ദേവപ്രിയ ഷൈബു, ലൈഫ് ഭവനപദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച യഥാക്രമം അടിമാലി, വണ്ടിപ്പെരിയാർ, മറയൂർ, കുമാരമംഗലം പഞ്ചായത്തുകളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.വികസനസദസിലെ മികച്ച ഡോക്യുമെന്ററി പ്രദർശനത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഉടുമ്പന്നൂർ,പള്ളിവാസൽ, പാമ്പാടുംപാറ എന്നീ പഞ്ചായത്തുകൾ, ആർദ്രകേരളം പുരസ്‌കാരം ലഭിച്ച ജില്ലാ പഞ്ചായത്ത് എന്നിവരെയും മന്ത്രി ആദരിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി.സത്യൻ, വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവ്യ എം., എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, മിനി ജേക്കബ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, നിമ്മി ജയൻ, ടി.ഇ. നൗഷാദ്, തുടങ്ങി കക്ഷി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.