malayoram
മലയോര ഹൈവേയിൽ ചപ്പാത്തിനും പരപ്പിനും ഇടയിലുള്ള പാറക്കെട്ട്‌

കട്ടപ്പന: ഒരാളുടെ ജീവനെടുത്ത അടിമാലിയിലെ മണ്ണിടിച്ചിലിനു സമാനമായ സാഹചര്യം കുട്ടിക്കാനം - കട്ടപ്പന മലയോര ഹൈവേയിലും. നിർമാണം അവസാന ഘട്ടത്തിലേക്കടുക്കുന്ന മലയോര ഹൈവേയിൽ നിരവധി ഇടങ്ങളിലാണ് മണ്ണിടിച്ചിൽ സാദ്ധ്യത നില നിൽക്കുന്നത്. അശാസ്ത്രീയമായ നിർമാണവും കരാറുകാരുടെ അനാസ്ഥയുമാണ് റോഡിനെ അപകടക്കെണിയാക്കിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. റോഡിന്റെ നിർമാണ സമയത്ത് ഇക്കാര്യങ്ങൾ മാധ്യമങ്ങളും പൊതു പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും അടക്കം നിരവധി തവണ ചൂണ്ടിക്കാട്ടിയെങ്കിലും ജില്ലാ ഭരണകൂടമോ, പൊതുമരാമത്ത് വകുപ്പോ, ഭരണകൂടമോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. വലിയ കുന്നുകളിൽ നിന്നും വ്യാപകമായി പാറയും മണ്ണും മാറ്റിയാണ് മലയോര ഹൈവേ നിർമാണം നടന്നത്. ഇതോടെ അടിമാലിയിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തിനു സമാനമായി നിരവധി ഇടങ്ങളിൽ വലിയ തിട്ടകൾ ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ നിരവധി വീടുകളുമുണ്ട്. കെ. ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള ഭാഗത്താണ് ഇത്തരത്തിൽ അപകടകരമായ സാഹചര്യം ഏറെയുള്ളത്. സ്വരാജ് പെരിയോൻ കവലയിൽ കൂറ്റൻ ഭീത്തി റോഡ് നിർമാണ സമയത്ത് തന്നെ പലവട്ടം ഇടിഞ്ഞു വീണിരുന്നു. ഇവിടെ തിട്ട ഇടിഞ്ഞതിന്റെ മുകൾ ഭാഗത്ത് വീടുകളുണ്ട്. ചപ്പാത്ത് ആലടി, പരപ്പ് പ്രദേശത്തും സമാനമായി മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. പരപ്പിൽ വലിയ കുന്നിൽ നിന്നും മരങ്ങൾ അടക്കം ഒലിച്ചിറങ്ങി റോഡിലേക്ക് പതിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മണ്ണിന് ഉറപ്പില്ലാത്ത ഭാഗങ്ങളിൽ ചെങ്കുത്തായ നിലയിൽ മണ്ണെടുത്തു മാറ്റുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. മലയോര ഹൈവേ നിർമാണം കരാറെടുത്തിരുന്ന കരാറുകാരുടെ അശാസ്ത്രീയ നിർമാണം പല ഘട്ടത്തിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനം പോലും പലയിടത്തും ഇല്ലെന്നും ആക്ഷേപമുണ്ട്.