ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ വഞ്ചിക്കവല താന്നിക്കണ്ടം റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മൈനർ ഇറിഗേഷൻ വകുപ്പ് മുഖേനയാണ് നിർമ്മാണം നടത്തുക.പൈനാവ് താന്നിക്കണ്ടം റോഡിലെയും ചെറുതോണി വാഴത്തോപ്പ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡാണ് ഗിരിജ്യോതി പടി സ്വധർ ഭാഗം റോഡ്. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്തെ കലുങ്ക് ഏതാനും മാസങ്ങൾക്ക് മുൻപ് ഉണ്ടായ ശക്തമായ മഴയിലാണ് സംരക്ഷണ ഭിത്തിയുടെ ഏതാനും ഭാഗവും കലുങ്കിന്റെ ഒരു ഭാഗവും തകർന്ന് പോയത്.ഇതേ തുടർന്ന് വലിയ വാഹനങ്ങൾ കടന്ന് പോകാൻ കഴിയാതെ വന്നതോടെ പ്രദേശ വാസികൾ നൽകിയ അപേക്ഷയെ തുടർന്നാണ് കലുങ്ക് പുനർ നിർമ്മിക്കാൻ മന്ത്രി അടിയന്തിരമായി തുക അനുവദിച്ചത്.