accused-hameed

തൊടുപുഴ: മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും വീട്ടിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതിയായ മുത്തച്ഛൻ ചീനിക്കുഴി ആലിയേകുന്നേൽ ഹമീദ് (82) കുറ്റക്കാരനാണെന്നാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് ആഷ് കെ. ബാൽ കണ്ടെത്തി. ശിക്ഷ 30ന് വിധിക്കും.

ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസുഖവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. എന്നാൽ പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസഹായരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പ്രതിയുടെ മകൻ ചീനിക്കുഴി ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന(13) എന്നിവരാണ് കൊല്ലപ്പെട്ടത്. തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴിയിൽ 2022 മാർച്ച് 19ന് ശനിയാഴ്ച പുലച്ചെ 12.30നായിരുന്നു കൊടുംക്രൂരത. അർദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മേട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേർന്ന ശുചിമുറിയിൽ കയറി തീകെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല. പ്രതികാര ദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയൽവാസി രാഹുൽ തള്ളി വീഴ്ത്തിയെങ്കിലും അയാൾ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോൾ കുപ്പികൾ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. വിദ്യാർത്ഥികളായ മെഹറിന്റെയും അസ്നയുടെയും കത്തിക്കരിഞ്ഞ പുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ദുരന്തസ്ഥലത്തെ കരൾ നുറുക്കുന്ന കാഴ്ചയായിരുന്നു.

ഹമീദിനെ പൊലീസ് സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിർണായക സാക്ഷി മൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതോടെ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. എം. സുനിൽ മഹേശ്വരൻ പിള്ള ഹാജരായി.