തൊടുപുഴ: മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും വീട്ടിൽ പൂട്ടിയിടിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധി പ്രതി ഹമീദ് കേട്ടത് നി‌‌ർവികാരനായി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തൊട്ടടുത്തുള്ള ജില്ലാ ജയിലിൽ നിന്ന് മുട്ടത്തെ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി വളപ്പിലേയ്ക്ക് പ്രതി ഹമീദിനെ എത്തിച്ചത്. തുടർന്ന് ജഡ്ജ് ആഷ് കെ. ബാൽ ആദ്യം വിളിച്ചതും പ്രമാദമായ ഈ കേസായിരുന്നു. വിധി ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസ്താവിക്കുമെന്ന് ജഡ്ജി പറഞ്ഞതോടെ ഹമീദുമായി പൊലീസ് ജയിലിലേയ്ക്ക് മടങ്ങി. തുടർന്ന് ഉച്ചയ്ക്ക് മൂന്നിന് കോടതി ചേരുന്നതിന് 10 മിനിറ്റ് മുമ്പ് പൊലീസ് വീണ്ടും ഹമീദിനെ ജയിലിൽ നിന്ന് എത്തിച്ചു. ഏതാനം മിനിറ്റ് നേരത്തെ നടപടികൾക്ക് ശേഷം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജി ആഷ് കെ. ബാൽ വിധി പ്രസ്താവിച്ചു. നി‌ർവികാരനായി യാതൊരു ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു ഹമീദിന്റെ ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസുഖവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. എന്നാൽ പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസഹായകരായവരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടിക്കാട്ടി. ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. എം.സുനിൽ മഹേശ്വരൻ പിള്ളയും ആവശ്യപ്പെട്ടു. തുർന്ന് ശിക്ഷയിലുള്ള വിധി നാളത്തേക്ക് മാറ്റിയതായി അറിയിച്ച് കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ മുട്ടം ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

71 സാക്ഷികളെ വിസ്തരിച്ചു, ഒരാൾ കൂറുമാറി

കേസിൽ 71 സാക്ഷികളെ വിസ്തരിച്ചതിൽ ഒരാൾ കൂറുമാറി. അമ്പതാം സാക്ഷിയായ പ്രതിയുടെ അടുത്ത ബന്ധു അഷ്റഫാണ് വിസ്താരത്തിനിടെ കൂറുമാറിയത്. എന്നാൽ സംഭവത്തിന് ശേഷം പ്രതി അഷ്റഫിനെ ഫോണിൽ വിളിക്കുന്ന രേഖകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തെളിവായി ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം 137 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമേ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.