pallivasal

അടിമാലി: അടിമാലിക്ക് പുറമെ ദേശിയപാത85ൽ പള്ളിവാസൽ മൂലക്കടക്ക് സമീപവും മണ്ണിടിച്ചിൽ.തിങ്കളാഴ്ച രാത്രിയിലാണ് മണ്ണിടിഞ്ഞത്.ദേശിയപാതയുടെ നവീകരണജോലികളുടെ ഭാഗമായി ഇവിടെ ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ച് വീതി വർധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്.ഇവിടെയാണ് മണ്ണിടിഞ്ഞ് പോയിട്ടുള്ളത്.ദേശിയപാതയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞ് പോയ നിലയിലാണ്.നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തിയും തകർന്നു.നിർമ്മാണ തൊഴിലാളികളടക്കം ആളുകളും വാഹനങ്ങളും സംഭവ സമയത്ത് പ്രദേശത്തില്ലാതിരുന്നതിനാൽ മറ്റപകടങ്ങൾ ഒഴിവായി.ആൾവാസമുള്ളിടത്തേക്കല്ല മണ്ണിടിഞ്ഞെത്തിയത് എന്നതും ആശ്വാസമായി.പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുകയാണ്.ശക്തമായ മഴ പെയ്യുകയും ഭാരവാഹനങ്ങൾ നിരന്തരം കടന്നു പോകുകയും ചെയ്താൽ ഇപ്പോൾ ഇടിഞ്ഞിട്ടുള്ള ഭാഗത്ത് നിന്നും കൂടുതൽ മണ്ണിടിഞ്ഞ് റോഡ് കൂടുതൽ അപകടാവസ്ഥയിലാകാൻ സാദ്ധ്യതയുണ്ട്.നിലവിൽ ഇതുവഴി ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്.പായോരം ഇനിയും ഇടിഞ്ഞാൽ ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലാകും.ആ നിലയിലേക്ക് കാര്യങ്ങൾ പോയാൽ മൂന്നാറിലേക്കുള്ള ഗതാഗതം പൂർണ്ണമായി സ്തംഭിക്കുന്ന സ്ഥിതിയുമുണ്ടാകും.നാളുകൾക്ക് മുമ്പ് കരടിപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ് സമാന സാഹചര്യം രൂപം കൊണ്ടിരുന്നു.ഏറെ ദിവസങ്ങൾക്ക് ശേഷമാണ് ഇവിടെയും സംരക്ഷണ ഭിത്തി നിർമ്മിച്ച് ഇതുവഴിയുള്ള ഗതാഗതം പഴയപടിയാക്കാൻ സാധിച്ചത്.