കട്ടപ്പന: ഹൈറേഞ്ചിന്റെ തലസ്ഥാനത്ത് കലയുടെ കേളികൊട്ടുയർന്നു. ഇനി നാല് നാൾ കട്ടപ്പനയുടെ കലാഹൃദയം സെന്റ് ജോർജ് എച്ച്എസ്എസിൽ ചേക്കേറും. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനംചെയ്തു.മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ കട്ടപ്പന സ്റ്റേഷനിലെ എസ്.സിപിഒ ജിൻസ് വർഗീസ്, സംസ്ഥാന അദ്ധ്യാപക കലോത്സവത്തിൽ ജേതാക്കളായ മേരികുളം സെന്റ് മേരീസിലെ അധ്യാപകർ, കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ഫിയോണ ആൻ സജി, കലോത്സവ റീൽ ചിത്രീകരണ മത്സര വിജയി എന്നിവരെ അനുമോദിച്ചു.കലയുടെ വരവറിയിച്ച് നഗരത്തിൽ വർണാഭമായ വിളംബര ജാഥയും നടന്നു. കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകൻ ഫ്ളാഗ് ഓഫ് ചെയ്തു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, സോണിയ ജയ്ബി, കട്ടപ്പന എഇഒ സി രാജശേഖരൻ, സ്‌കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ജനറൽ കൺവീനർ മാണി കെ.സി, ജോയിന്റ് കൺവീനർമാരായ ഫാ. രാജേഷ് പുല്ലാന്തനാൽ, ബിജുമോൻ ജോസഫ്, ദിപു ജേക്കബ്, ബിബിൻ ഞാവള്ളിൽ, ജിതിൻ ജോർജ്, വിൻസന്റ് ജോർജ് എന്നിവർ നേതൃത്വംനൽകി.
ഉപജില്ലയിലെ 80ലേറെ സ്‌കൂളുകളിൽനിന്നായി 4000ൽപ്പരം പ്രതിഭകൾ മത്സരിക്കും. കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ, കട്ടപ്പന സെന്റ് ജോർജ് ചർച്ച് പാരീഷ് ഹാൾ, ഓസാനം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം ഉൾപ്പടെ 15 വേദികളിലാണ് മത്സരം. ആദ്യദിനത്തിൽ രചനാമത്സരങ്ങൾ പുരോഗമിക്കുന്നു. ഇന്നും നാളെയും,മറ്റന്നാളും ദിവസങ്ങളിൽ കലാമത്സരങ്ങളും നടക്കും.