തൊടുപുഴ: അൽ- അസ്ഹർ മെഡിക്കൽ കോളജ് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് സ്‌ട്രോക്ക് അതിജീവിച്ച രോഗികളുടെ സംഗമവും ബോധവത്കരണവും സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് അൽ- അസ്ഹർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ. ബാലകൃഷ്ണൻ, ഡോ. ആന്റണി, ഡോ. അനീഷ്, നഴ്സിംഗ് സൂപ്രണ്ട് എസ്. സലീനമോൾ, ഡോ. മാഹിൻ ഒ.എസ്, ഡോ. അസറുദ്ദീൻ, ഡോ. അനു മേരി മാണി, ഡോ. ആൻപ്രിയ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പക്ഷാഘാതം സംബന്ധിച്ച ബോധവത്കരണത്തിന്റെ ആവശ്യകത, അടിയന്തര പരിചരണത്തിന്റെ പ്രാധാന്യം, സമയബന്ധിതമായ ചികിത്സയിലൂടെ രോഗമുക്തി നേടാനുള്ള സാദ്ധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായി വിശകലനം ചെയ്യും. അൽ- അസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സ്‌ട്രോക്ക് രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിന് ന്യൂറോളജി, കാർഡിയോളജി, റേഡിയോളജി, ഫിസിയോതെറാപ്പി, ക്രിട്ടിക്കൽ കെയർ (അടിയന്തര ചികിത്സ വിഭാഗം), ആധുനിക സി.ടി, ന്യൂറോ ഐ.സി.യു സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി വിഭാഗവും ഏകോപിതമായി സേവനം നൽകും. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്ന ആദ്യ മണിക്കൂറുകളിലാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും സാദ്ധ്യതയുള്ളത്. എല്ലാ മാസവും ബുധനാഴ്ചകളിൽ സ്‌ട്രോക്ക് ക്ലിനിക്ക് പ്രവർത്തിക്കും. വാർത്താ സമ്മേളനത്തിൽ ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണൻ, ന്യൂറോ മെഡിസിൻ മേധാവി ഡോ. ആൻപ്രിയ തോമസ്, സുധീർ ബസുരി (സി.ഒ.ഒ) എന്നിവർ പങ്കെടുത്തു.