ചെറുതോണി: ഇടുക്കിആർച്ച് ഡാം കാണാൻ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികൾ. കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്‌ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 25060 മുതിർന്നവരും 2640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആർച്ച് ഡാം എന്ന നിർമ്മാണ വിസ്മയം നേരിട്ടാസ്വദിക്കാൻ നിരവധി പേരാണ് ഇടുക്കിയിൽ എത്തുന്നത്. കുറുവൻ -കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ ദൃശ്യാനുഭവമാണ്. ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേയ്ക്ക്.

നിലവിൽ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേയ്ക്ക് സന്ദർശനം അനുവദിച്ചിട്ടുള്ളത്. ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട യാത്ര അനുവദിക്കില്ല. ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓൺലൈൻ ബുക്കിങ് വഴി സന്ദർശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെ നിന്നു ടിക്കറ്റ് കരസ്ഥമാക്കാം.

=ചെറുതോണി തൊടുപുഴ റോഡിൽ പാറേമാവിൽ കൊലുമ്പൻ സമാധിക്കു മുന്നിലുള്ള പാതയിലൂടെ പ്രവേശന കവാടത്തിലേയ്ക്ക് എത്താം. മെഡിക്കൽ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം.

=അടുത്ത മാസം മുതൽ സന്ദർശക നിയന്ത്രണം ഒഴിവാക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. നവംബർ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കാനാണ് നിലവിലുള്ള തീരുമാനം. നിയന്ത്രണം ഒഴിവാക്കിയാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

=കെ. എസ്. ഇ.ബി ഹൈഡൽ ടൂറിസം വിഭാഗമാണ് സന്ദർശകർക്കുള്ള ബഗ്ഗി കാറുകൾ സജ്ജമാക്കിയിരിക്കുന്നത്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർ ആധാർ കാർഡ് ഹാജരാക്കണം.