കണ്ണൂർ: പയ്യാമ്പലം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഗ്രേഡ് വൺ പി.എസ്.സി പരീക്ഷയിൽ ഹൈടെക് സംവിധാനത്തോടെ ഉദ്യോഗാർത്ഥി കോപ്പിയടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി പെരളശ്ശേരി മുണ്ടല്ലൂർ സുരൂർ നിവാസിലെ സഹദിനെയും സഹായി സബീലിനെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എഴുതിയ അഞ്ച് പരീക്ഷകളിൽ മിക്കതിലും ഈയാൾ കോപ്പിയടിച്ചതായി സമ്മതിച്ചിട്ടുണ്ട്.അതെ സമയം പരീക്ഷാ സെന്ററുകളിൽ കോപ്പിയടിക്കാൻ ഉപയോഗിക്കുന്ന അത്യാധൂനിക സംവിധാനങ്ങളെ കണ്ടെത്താനുള്ള സംവിധാനമില്ലാത്തത് പി.എസ്.സിയെ വലയ്ക്കുന്നുണ്ട്. ഇത് മുതലെടുത്താണ് ചിലർ ഇത്തരം ക്രമക്കേടുകൾ നടത്തുന്നതെന്ന് പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്നവരും പറയുന്നു.
പുറത്തുള്ളവരുടെ കണ്ണിൽ കാണാത്ത ചെറിയ കാമറയാണ് സഹദ് പരീക്ഷയ്ക്കായി ഉപയോഗിച്ചത്. ആദ്യ പരിശോധനയിൽ ഇത് കണ്ടില്ല. പരീക്ഷയ്ക്കിടയിലെ അസ്വാഭാവിക പെരുമാറ്റം കണ്ട് പരിശോധിച്ചപ്പോഴാണ് ഉപകരണം പിടിക്കപ്പെട്ടത്. എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇരു പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്താൽ മാത്രമെ മറ്റ് വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.
ബട്ടണല്ല, ക്യാമറയാണ്
ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റി കുത്തിയ സേഫ്റ്റി പിന്നിൽ കാമറ ഒട്ടിച്ചുവച്ചാണ് സഹദ് കോപ്പിയടിക്ക് സംവിധാനം ഒരുക്കിയത്. പി.എസ്.സി പരീക്ഷാവിഭാഗം വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ബട്ടൺ ഊരി താഴെ വീണു. അപ്പോഴാണ് ഇത് ക്യാമറയാണെന്ന വിവരം അറിയുന്നതെന്ന് ജില്ല പി.എസ്.സി ഓഫീസർ ഷാജി കച്ചുമ്പ്രോൻ പറഞ്ഞു. പരീക്ഷ സെന്ററുകളിൽ മൊബൈൽ ഫോൺ ജാമറുകൾ വേണമെന്ന് പി.എസ്.സി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കോപ്പിയടിക്കിടെ ഇന്റർനെറ്റിന്റെ ചതി
ആഗസ്റ്റ് 30ന് നടന്ന എസ്.ഐ പരീക്ഷയിൽ ഇതെ വിദ്യ ഉപയോഗിച്ചെങ്കിലും പാതിവഴിയിൽ ഇന്റർനെറ്റ് കട്ടായത് തിരിച്ചടിയായെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു.പിടിയിലായ കൂട്ടു പ്രതിയായ സബീലാണ് അന്നും സഹദിന് വീട്ടിലിരുന്ന് ഗൂഗിൾ നോക്കി ഉത്തരം പറഞ്ഞു കൊടുത്തത്. എന്നാൽ പരീക്ഷ പകുതിയായപ്പോഴേക്കും ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടതിനാൽ ബാക്കി എഴുതാൻ പറ്റാതായി. പ്രിലിമിനറി പരീക്ഷയിൽ കോപ്പിയടിച്ചപ്പോഴും ഇന്റർനെറ്റ് ചതിച്ചു. പക്ഷെ ആ പരീക്ഷയിൽ 65 മാർക്ക് ലഭിച്ചതിനെ തുടർന്നാണ് മെയിൻ പരീക്ഷ എഴുതാനിയി. സഹദിന്റെയും കൂട്ടുപ്രതിയായ സബീലിന്റെയും മൊബൈൽ ലൊക്കേഷനും പൊലീസ് പരിശോധിച്ചുവരികയാണ്. എങ്ങനെയെങ്കിലും ഗവൺമെന്റ് ജോലി കിട്ടണമെന്ന ആഗ്രഹമാണ് കോപ്പിയടിക്ക് പ്രേരണയായതെന്ന് ഈയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.